പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാൽ രക്തം കട്ടപിടിക്കാൻ വളരെ പ്രയാസമാണ്. ഇത്തരക്കാർ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ പ്രമേഹത്തെ തടയാൻ വിറ്റാമിൻ കെയ്‌ക്ക് സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
മോൺട്രിൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെതാണ് പുതിയ കണ്ടുപിടിത്തം. ജേണൽ സെൽ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളിൽ വിറ്റാമിൻ കെ യുടെ വലിയ തോതിലുള്ള അളവു കണ്ടെത്തി.
രക്തത്തിൽ ബീറ്റ സെല്ലുകളുടെ എണ്ണത്തിലെ കുറവോ അല്ലെങ്കിൽ അവയ്ക്ക് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. കൂടാതെ ഇആർജിപി എന്ന പുതിയ ഗാമാ-കാർബോക്‌സിലേറ്റഡ് പ്രോട്ടീൻ തിരിച്ചറിയാൻ സാധിച്ചതായും സംഘം വ്യക്തമാക്കി.
ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത് തടസപ്പെടുത്താതിരിക്കാൻ ബീറ്റാ കോശങ്ങളിലെ കാൽഷ്യത്തിന്റെ ഫിസിയോളജിക്കൽ ലെവൽ നിലനിർത്തുന്നതിൽ ഈ പ്രോട്ടീൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. ഗാമാ-കാർബോക്‌സിലേഷനിലൂടെ വിറ്റാമിൻ കെ ഇആർജിപിയുടെ പ്രവർത്തനത്തിന് വളരെ പ്രധാനമാണെന്ന് കണ്ടെത്തി.15 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പുതിയ വിറ്റാമിൻ കെ-ആശ്രിത പ്രോട്ടീൻ കണ്ടെത്തുന്നത്.