Advertisment

ജോലിസമയത്ത് ഉന്മേഷക്കുറവ് നേരിടുകയാണെങ്കില്‍ അതിനെ മറികടക്കാൻ സഹായിക്കുന്ന ചില ലൈഫ്സ്റ്റൈല്‍ ടിപ്സുകൾ നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ജോലിസമയങ്ങളില്‍ ഉന്മേഷത്തോടെയും ഉണര്‍വോടെയും ഇരുന്നെങ്കില്‍ മാത്രമാണ് ഫലവത്തായ രീതിയില്‍ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. നേര്‍വിപരീതമായി തളര്‍ന്നും ഉറക്കം തൂങ്ങിയും കോട്ടുവായിട്ടുമെല്ലാം ജോലിസമയത്ത് തുടരുന്നത് സ്വാഭാവികമായും ജോലിയുടെ ഗുണമേന്മയെ ബാധിക്കുക തന്നെ ചെയ്യും. അധികവും ഓഫീസ് ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്നം കാണാറ്.ഈ രീതിയിലുള്ള ജോലികളിലേര്‍പ്പെടുന്നവര്‍ക്ക് ജോലിസമയത്ത് ഉന്മേഷക്കുറവ് നേരിടുകയാണെങ്കില്‍ അതിനെ മറികടക്കാൻ സഹായിക്കുന്ന ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

Advertisment

publive-image

ഒന്ന്.. 

ജോലി ചെയ്യുന്നവര്‍ ഏറ്റവും പ്രധാനമായി ശ്രദ്ധ നല്‍കേണ്ട ഒന്നാണ് ഉറക്കം. ഉറക്കത്തിനായി മാറ്റിവയ്ക്കുന്ന മണിക്കൂറുകളുടെ കാര്യത്തില്‍ ഒരു കാരണവശാലും പിഴവ് വരുത്താതിരിക്കുക. ഉറങ്ങാൻ കിടക്കും മുമ്പ് ഫോണോ ലാപ്ടോപ്പോ ടിവിയോ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള ഉറക്ക പ്രശ്നങ്ങള്‍ നേരിടുന്ന പക്ഷം അത് പരിഹരിക്കാൻ ശ്രമിക്കണം. ഇതിന് ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ സഹായവും തേടുക.

രണ്ട്.. 

ജോലിസമയത്ത് തളര്‍ച്ച തോന്നുമ്പോള്‍, പ്രത്യേകിച്ച് പല ഷിഫ്റ്റിലായി ജോലി ചെയ്യുന്നവര്‍- മുപ്പത് മിനുറ്റ് നേരത്തെ ഒരു ചെറുമയക്കം എടുക്കുക. ഇത് തലച്ചോറിനെ 'റീഫ്രഷ്' ചെയ്യാൻ സഹായിക്കും. കൂടുതല്‍ ഉണര്‍വോടെ ജോലി ചെയ്യാനും കഴിയും.

മൂന്ന്.. 

ക്ഷീണം തോന്നുമ്പോള്‍ എപ്പോഴും അല്‍പം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ശരീരത്തില്‍ ജലാംശം കുറയുന്നതും വലിയ രീതിയില്‍ തളര്‍ച്ചയിലേക്ക് നയിക്കാം. ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ശരീരത്തിലെ നിര്‍ജലീകരണം ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

നാല്.. 

ജോലിസമയത്ത് വിരസതയോ ഉന്മേഷക്കുറവോ തോന്നാതിരിക്കാൻ ജോലിയെ കൃത്യമായി ഷെഡ്യൂള്‍ ചെയ്ത് സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകാനും, ഓരോ സെഷനും ഇടയില്‍ ബ്രേക്ക് എടുക്കാനും ശ്രദ്ധിക്കുക. ഈ ചെറിയ ഇടവേളയില്‍ ഫോണ്‍ ഉപയോഗം വേണ്ട. ചെറിയൊരു നടപ്പ്, സ്ട്രെസ് വരാത്ത രീതിയിലുള്ള സംഭാഷണങ്ങള്‍, പുറത്തേക്ക് നോക്കി അല്‍പസമയം ചെലവിടല്‍, പടികളൊന്ന് കയറിയിറങ്ങല്‍ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്യാം.

അഞ്ച്.. 

ജോലിസമയത്തെ വിരസതയോ ഉന്മേഷക്കുറവോ മറികടക്കാൻ മിക്കവരും തുടര്‍ച്ചയായി ചായയെയും കാപ്പിയെയും ആശ്രയിക്കാറുണ്ട്. എന്നാലീ ശീലം അത്ര നല്ലതല്ല. ദിവസത്തില്‍ മൂന്ന് കപ്പ് ചായയോ കാപ്പിയോ മതി. അതും ആരോഗ്യാവസ്ഥ അനുസരിച്ച് നിയന്ത്രിക്കേണ്ടതായി വരാം. കാപ്പിയും ചായയും കൂടുതലാകുമ്പോള്‍ അത് ക്രമേണ വീണ്ടും ക്ഷീണത്തിലേക്കാണ് നയിക്കുക. താല്‍ക്കാലികമായ ഉന്മേഷം മാത്രമാണ് ഇതുകൊണ്ട് ഉണ്ടാവുകയുള്ളൂ.

Advertisment