ആരോഗ്യത്തിന് വേണ്ട ഒരുപാട് അവശ്യ പോഷകങ്ങൾ നൽകുന്ന ഒന്നാണ് മുട്ട. സമീകൃതാഹാരം ഉറപ്പാക്കാൻ ദിവസവും ഒരു മുട്ട വീതമെങ്കിലും കഴിക്കാൻ ആരോഗ്യവിദഗ്ധർ ഉപദേശിക്കാറുമുണ്ട്. പക്ഷെ, മുട്ട കഴിക്കുന്നത് അലർജിയായിട്ടുള്ള ഒരുപാട് പേരുണ്ട്. അങ്ങനെയുള്ളവർ വേണ്ട പോശകങ്ങൾ ലഭിക്കില്ലെന്നോർത്ത് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം മുട്ടയ്ക്ക് തുല്യമായ പോഷകങ്ങൾ നൽകുന്ന ചില ഭക്ഷണങ്ങൾ വേറെയുമുണ്ട്.
മുട്ട അലർജി?
നിങ്ങളുടെ ശരീരത്തിലേക്ക് ഒരു പദാർത്ഥമെത്തുമ്പോൾ അതിനെ നേരിടാനായി ശരീരം ആന്റിഡോട്‌സ് സൃഷ്ടിക്കാനുള്ള രാസവസ്തുക്കൾ പുറപ്പെടുവിക്കും. ഈ ആന്റിഡോട്ടുകൾ ശരീരത്തിൽ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോഴാണ് അലർജി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. മുട്ടയുടെ വെള്ളയിലും മഞ്ഞയിലും അടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ ഹിസ്റ്റാമൈൻസ് എന്ന രാസവസ്തുവിനോട് പ്രതികൂലമായി പ്രതികരിക്കുമ്പോഴാണ് മുട്ട അലർജി ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ പലരിലും വ്യത്യസ്തമായിരിക്കും. ചിലർക്ക് ചർമ്മത്തിൽ തിണർപ്പും വീക്കവുമൊക്കെ പ്രകടമാകുമ്പോൾ മറ്റുചിലർക്ക് വയറുവേദന, ദഹനക്കേട്, ഛർദ്ദി എന്നിങ്ങനെയുള്ള ലക്ഷണങ്ങളായിരിക്കും പ്രകടമാകുക. ചിലർക്കാകട്ടെ ജലദോഷം, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും മുട്ട കഴിച്ച് നിമിഷങ്ങൾക്കകം ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങാറുണ്ട്. ചിലപ്പോൾ ലക്ഷണങ്ങൾ പ്രകടമാകാൻ മൂന്ന് മണിക്കൂർ വരെ സമയമെടുക്കും.
മുട്ടയുടെ പകരക്കാർ
പഴം - മുട്ടയ്ക്ക് ബദലായി കഴിക്കാൻ ഏറ്റവും മികച്ചത് പഴമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ മൈക്രോ, മാക്രോ ന്യൂട്രിയന്റുകളാലും സമ്പന്നമാണ് ഏത്തപ്പഴം.
ചിയ സീഡ്‌സ്- ഇപ്പോൾ മിക്ക അടുക്കളകളിലും സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് ചിയ സീഡുകൾ. നമ്മുടെ ദൈനംദിന പോഷകാവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായവയാണ് ഇവ. വെള്ളത്തിൽ കുതിർത്ത് ഡീടോക്‌സ് ഡ്രിങ്ക് ആയും കുടിക്കാം. ബ്രേക്ക്ഫാസ്റ്റിനൊപ്പവും പുഡ്ഡിങ്ങിൽ ചേർത്തുമെല്ലാം ചിയ സീഡ്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പരിപ്പ് - ഇന്ത്യയിലെ എല്ലാ അടുക്കളകളിലും ഉള്ള ഒന്നായിരിക്കും പരിപ്പ്. പ്രോട്ടീൻ, ഫൈബർ, വിറ്റാമുനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് പരിപ്പ്.
ബദാം - കുട്ടികളെ ബദാം കഴിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നത് കണ്ടിട്ടില്ലേ?. അവയിൽ ധാരാളം പ്രോട്ടീനും നാരുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതുകൊണ്ടാണിത്. ദിവസവും ഒരു പിടി ബദാം കഴിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ബദാമിന്റെ ഗുണം പൂർണ്ണമായി ലഭിക്കാൻ തലേദിവസം രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത ശേഷം തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്.
തൈര് - മുട്ട വേണ്ട പല റെസിപ്പികളിലും ഇതിന് പകരമായി ചേർക്കാവുന്ന ഒന്നാണ് തൈര്. പാചകം ചെയ്യുന്ന വിഭവത്തിന് ക്രീമി, ഫ്‌ളഫി ടെക്‌സ്ചർ നൽകാൻ തൈര് സഹായിക്കും. പലപ്പോഴും കേക്ക് പോലുള്ളവ തയ്യാറാക്കാനായി മുട്ടയ്ക്ക് പകരം തൈര് ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്.