പര്‍പ്പിള്‍ നിറത്തിലുള്ള പച്ചക്കറികളുടെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

New Update

പർപ്പിൾ കാബേജ്, ബീറ്റ്റൂട്ട്, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികളാണ് പര്‍പ്പിള്‍ നിറത്തിലുള്ളത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവയുടെ ഗുണങ്ങളെ കുറിച്ചറിയാം..

Advertisment

publive-image

പർപ്പിൾ കാബേജ്...

പർപ്പിൾ കാബേജ് അഥവാ റെഡ് കാബേജ് 'Brassicaceae' കുടുംബത്തിൽപ്പെട്ടതാണ്. ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പച്ചക്കറിയാണിത്. കൂടാതെ 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, വിറ്റാമിന്‍ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, മഗ്നീഷ്യം എന്നിവയും 89 ഗ്രാം പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പർപ്പിൾ കാബേജ് ദഹനത്തിനും മികച്ചതാണ്. വിറ്റാമിനുകളുടെ കലവറയായ പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് എല്ലുകൾക്ക് ആരോഗ്യത്തിന്  നല്ലതാണ്. മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, മറ്റു ധാതുക്കൾ തുടങ്ങിയവ പർപ്പിൾ കാബേജില്‍ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

അള്‍സര്‍ തടയാനും പർപ്പിൾ കാബേജ് സഹായിക്കും. പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്.  പൊട്ടാസ്യം ധാരാളം അടങ്ങിയ പർപ്പിൾ കാബേജ്  രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യാം.

ബീറ്റ്റൂട്ട്...

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം കുറവാണ്. അതിനാല്‍ തന്നെ ഇത് പ്രമേഹരോഗികൾക്ക് കഴിക്കാന്‍ പറ്റിയ മികച്ചൊരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാന്‍ സഹായിക്കും.

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസായി കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഒപ്പം ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇവ സഹായിക്കും. അതിനാല്‍ ബീറ്റ്റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്.

വഴുതനങ്ങ...

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് വഴുതനങ്ങ. ഫ്ലേവനോയ്ഡുകള്‍, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ വഴുതനങ്ങയില്‍ പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവ അടങ്ങിയ വഴുതനങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. പൊട്ടാസ്യം ധാരാളം അടങ്ങിയ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.  കൊളസ്ട്രോള്‍ കുറയ്ക്കാനും വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോജനിക് ആസിഡ് മികച്ച ആന്‍റി ഓക്സിഡന്‍റ് ഏജന്‍റായി പ്രവര്‍ത്തിച്ച് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈട്രേറ്റ് കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ഇവ പ്രമേഹരോഗികള്‍ക്കും കഴിക്കാം. ഇവ ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസിന്‍റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Advertisment