സാധാരണഗതിയില്‍ കൗമാരകാലത്താണ് കൂടുതലും മുഖക്കുരു ഉണ്ടാവുക. എന്നാല്‍ തുടര്‍ന്നും പല കാരണങ്ങള്‍ കൊണ്ട് ചിലരില്‍ മുഖക്കുരു വരാം. മുഖക്കുരു ഉണ്ടാകുമ്പോഴാകട്ടെ അത് മാറുന്നതിനായി പല പൊടിക്കൈകളും പയറ്റിനോക്കുന്നവരുണ്ട്. അതുപോലെ തന്നെ മുഖക്കുരു പൊട്ടിച്ച് കളയുന്നവരുമുണ്ട്. ചില പൊടിക്കൈകളും അതുപോലെ മുഖക്കുരു പൊട്ടിച്ച് കളയുന്നതുമെല്ലാം ചര്‍മ്മത്തെ എത്രത്തോളം ബാധിക്കുമെന്ന് അറിയാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
മുഖം കഴുകുമ്പോള്‍...
ചിലര്‍ മുഖം തീരെ കഴുകാതിരിക്കുന്നത് കാണാം, മറ്റ് ചിലര്‍ മുഖം കഴുകും എന്നാല്‍ ശരിയാംവിധം ചെയ്യില്ല. ഇതെല്ലാം മുഖചര്‍മ്മത്തെ നശിപ്പിക്കാം. ദിവസത്തില്‍ രണ്ട് തവണയെങ്കിലും നല്ലതുപോലെ മുഖം വൃത്തിയാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പുറത്തുപോയി വരുമ്പോള്‍. അല്ലാത്ത പക്ഷം മുഖചര്‍മ്മം ക്രമേണ നാശമായിപ്പോകാം.
സ്ക്രബ്...
മുഖം സ്ക്രബ് ചെയ്യുന്നത് വളരെ നല്ലതാണ്. എന്നാലിത് കൂടിപ്പോകരുത്. കൂടിയാല്‍ അതും ചര്‍മ്മത്തെ നശിപ്പിക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ, അഥിലും കൂടുതല്‍ തവണ സ്ക്രബ് ചെയ്യരുത്.
സ്കിൻ കെയര്‍ പ്രോഡക്ട്സ്...
സ്കിൻ കെയര്‍ പ്രോഡക്ട്സ് ആയാലും മേക്കപ്പ് പ്രോഡക്ട്സ് ആയാലും സ്കിന്നിന് യോജിക്കും വിധത്തിലുള്ളതും സുരക്ഷിതമായതും മാത്രം ഉപയോഗിക്കുക. ഇത് പരിശോധിച്ചുറപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.
സണ്‍സ്ക്രീൻ...
സണ്‍സ്ക്രീൻ ഉപയോഗിക്കാത്തവരില്‍ ചര്‍മ്മപ്രശ്നങ്ങള്‍ സ്വാഭാവികമായും കൂടുതലായിരിക്കും. അതുപോലെ തന്നെ സണ്‍സ്ക്രീൻ നേരായവിധത്തില്‍ ഉപയോഗിച്ചില്ലെങ്കിലും പണിയാണ്. അതിനാല്‍ സണ്‍സ്ക്രീൻ നിര്‍ബന്ധമാക്കുകയും ഒപ്പം അത് ശരിയാംവിധം അപ്ലൈ ചെയ്യുകയും ചെയ്യുക.
മുഖത്ത് തൊടുന്നത്...
നമ്മുടെ കൈകള്‍ വൃത്തിയില്ലാതിരിക്കുമ്പോള്‍ പരമാവധി കൈ മുഖത്ത് സ്പര്‍ശിക്കാതെ നോക്കുക. പ്രത്യേകിച്ച് വീടിന് പുറത്തായിരിക്കുമ്പോള്‍.
മേക്കപ്പ്...
പതിവായി മേക്കപ്പ് ചെയ്യുന്നത് കൊണ്ട് സ്കിന്നിന് വലിയ പ്രശ്നം സംഭവിക്കണമെന്നില്ല. നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം. എന്നാല്‍ രാത്രിയില്‍ ഒരു കാരണവശാലും മേക്കപ്പോടെ ഉറങ്ങാൻ പോകരുത്. ഇത് നിര്‍ബന്ധമായും ശ്രദ്ധിക്കുക.
മുഖക്കുരു ഉണ്ടാകുമ്പോള്‍...
ആദ്യമേ സൂചിപ്പിച്ചത് പോലെ മുഖക്കുരു ആണ് മിക്കവരും നേരിടുന്ന സ്കിൻ പ്രശ്നം. എന്നാല്‍ മുഖക്കുരു ഉണ്ടാകുമ്പോഴാകട്ടെ അത് മാറാൻ പല പൊടിക്കൈകളും പയറ്റിനോക്കും. ടൂത്ത് പേസ്റ്റ് തേക്കുന്നത് ഒരുദാഹരണമായി എടുക്കാം. ഇങ്ങനെയുള്ള പൊടിക്കൈകളൊന്നും പരീക്ഷിക്കുകയോ അരുത്. മുഖചര്‍മ്മം ആകെ നശിച്ചുപോകാൻ വരെ ഇത് കാരണമാകാം.
അതുപോലെ തന്നെ മുഖക്കുരു ഒരിക്കലും പൊട്ടിക്കുകയും അതില്‍ തൊട്ട് കളിക്കുകയോ ചെയ്യരുത്. മുഖക്കുരു തനിയെ ഉണങ്ങിപ്പോകും വരെ കാക്കുക. അതിനുള്ളില്‍ അതിന്മേല്‍ ഒന്നും തന്നെ ചെയ്യണ്ട. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് പരിശോധിച്ചാല്‍ മുഖക്കുരുവിനുള്ള കാരണം അവര്‍ വ്യക്തമാക്കും. അതിനുള്ള പരിഹാരവും അന്നേരം തേടാവുന്നതാണ്.