നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും. പലപ്പോഴും എടുത്തു കളയുന്ന കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം 5-6 പച്ച കറിവേപ്പില ചവയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യം വർധിപ്പിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
ഒന്ന്...
ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പില, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. കറിവേപ്പിലയിലെ വിറ്റാമിൻ ബി മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നു. മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നര തടയാനും ഇതിലൂടെ കഴിയും.
രണ്ട്....
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറിവേപ്പില രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
മൂന്ന്...
വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
നാല്...
വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ഗ്യാസ്, വയറു വീര്‍ത്തിരിക്കുക തുടങ്ങിയവയെ തടയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും. പലര്‍ക്കുമുള്ള പ്രശ്നമാണ് മലബന്ധം. മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനുമൊക്കെ കറിവേപ്പില സഹായിക്കും.
അഞ്ച്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.
ആറ്...
പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്. ഫൈബറും കറിവേപ്പിലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏഴ്...
കറിവേപ്പില ശീലമാക്കുന്നത് ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും രാവിലെ 10 കറിവേപ്പില വരെ പച്ചയ്ക്ക് കഴിക്കുന്നതും നല്ലതാണ്.
എട്ട്...
ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.