മുഖത്ത് ഐസ് ക്യൂബുകൾ കൊണ്ട് മസാജ് ചെയ്യുന്ന നിരവധി പേരുണ്ട്. കണ്ണിനടിയിലെ കറുപ്പും മുഖക്കുരുവുമൊക്കെ അകറ്റാൻ വേണ്ടിയാണ് പലരും ഈ സൗന്ദര്യ പരീക്ഷണം ചെയ്യുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ വരും.
മുഖം നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ ഐസ് ക്യൂബ് മുഖത്തിടാൻ പാടുള്ളൂ. ഇല്ലെങ്കിൽ പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കും. രണ്ടാമത്തെ കാര്യം ഐസ് ക്യൂബ് നേരിട്ട് മുഖത്ത് വയ്ക്കരുത്. മൂന്നോ നാലോ കഷ്ണങ്ങൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞിട്ട് വേണം മുഖത്ത് മസാജ് ചെയ്യാൻ.
കണ്ണുകൾക്ക് മുകളിൽ ഒരിക്കലും ഐസ് വയ്‌ക്കരുത്. മുഖക്കുരു ഉള്ള സ്ഥലത്ത് കുറച്ച് സമയം അധികം വയ്ക്കാം. പതിനഞ്ച് മിനിട്ടിലേറെ ഒരിക്കലും മുഖത്ത് ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യരുത്. നിങ്ങളുടേത് വരണ്ട ചർമമാണെങ്കിൽ ആഴ്ചയിൽ രണ്ട് ദിവസം ചെയ്യുക. ഇത് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ ഉടൻ തന്നെ അത് നിർത്തുക. പിന്നെ ഉപയോഗിക്കരുത്.