ദിവസവും പുറത്തേക്ക് പോകുന്നത് കാരണം മുഖത്ത് കരുവാളിപ്പുണ്ടാകുന്നു എന്ന പ്രശ്നത്താൽ ബുദ്ധിമുട്ടുന്നവർ ഏറെയാണ്. ഈ പ്രശ്നം എളുപ്പത്തിൽ മാറ്റാനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന എളുപ്പവഴിയുണ്ട്. പഴവർഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും നല്ലതാണെന്ന് നമുക്കറിയാം. ഇവ ചർമ്മത്തിൽ പുരട്ടുന്നതും ചർമത്തിന് ഗുണം ചെയ്യും. ഫ്രൂട്ട് ഫേഷ്യൽ എന്ന വിഭാഗം തന്നെയുണ്ടായത് ഇങ്ങനെയാണ്.
എല്ലാ വീടുകളിലേയും അടുക്കളയിൽ സാധാരണയായി കാണാറുള്ള തക്കാളി ഇത്തരത്തിൽ ഉപയോഗിക്കുന്നത് വഴി പല ചർമ്മപ്രശ്നങ്ങളെ അകറ്റിനിർത്താനാകും. വെയിലേറ്റ ചർമ്മത്തിന്റെ കരുവാളിപ്പ് അകറ്റുന്നത് കൂടാതെ മുഖക്കുരു, തിളക്കക്കുറവ് എന്നീ പ്രശ്നങ്ങളും തക്കാളി മാറ്റിയെടുക്കാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ഉപയോഗിക്കാവുന്ന തക്കാളി ഫേസ് പാക്കാണ് താഴെ ചേർക്കുന്നത്.
ആദ്യമായി തേനും കാപ്പിപ്പൊടിയും ഒരു ടേബിൾ സ്പൂൺ വീതമെടുത്ത് സംയോജിപ്പിക്കുക. ശേഷം ഒരു തക്കാളിയുടെ മുറിച്ചെടുത്ത ഭാഗം ഈ മിശ്രിതത്തിൽ മുക്കിയെടുക്കുക. ഇനി പതിയെ മുഖത്ത് തേയ്ക്കുക. തക്കാളിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന തേൻ-കാപ്പിപ്പൊടി മിശ്രിതത്തിന്റെ അളവ് കുറയുന്നതിന് അനുസരിച്ച് വീണ്ടും മുക്കി ഉപയോഗിക്കുക. ഈ മിശ്രിതം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം മുഖത്ത് പുരട്ടുന്നത് കുളിർമ വർദ്ധിപ്പിക്കും. ദിവസവും രാവിലെ പത്ത് മിനിറ്റ് മുഖത്ത് ഉരസിയ ശേഷം കഴുകി കളയുന്നതാണ് ഉചിതം.