മുടി കൊഴിച്ചിലാണ് എല്ലാ കാലഘട്ടത്തിലും എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നം. ജീവിതശെെലിയിലെ മാറ്റങ്ങളാണ് പ്രധാനമായും മുടി കൊഴിയാനുള്ള കാരണങ്ങളിൽ ഒന്ന്. പോഷകാഹാര കുറവ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയും മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഇവയിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ മാസത്തിലൊരിക്കൽ എങ്കിലും മുടിയിൽ ഹെയർ മാസ്ക് ഇടുന്നത് നല്ലതാണ്. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഹെയർ മാസ്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
1, കറിവേപ്പില
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും മുടി വളരാൻ ഏറെ സഹായിക്കുന്നു. ഒപ്പം ആരോഗ്യമുള്ള മുടി ലഭിക്കാൻ കറിവേപ്പില ഉപയോഗിക്കുന്നത് നല്ലതാണ്.
2, വെളിച്ചെണ്ണ
മുടി വളരാൻ മികച്ചതാണ് വെളിച്ചെണ്ണ. മുടിയെ മോയ്സ്ച്വർ ചെയ്ത് നിലനിർത്തുന്നതിനും മുടിയ്ക്ക് വേണ്ടത്ര പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നതിനും എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്.
3, തെെര്
മുടിയുടെയും ചർമ്മത്തിന്റെയും പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ തെെര് നല്ലതാണ്. മധുരമില്ലാത്ത സാധാരണ തെെരാണ് മുടിയിൽ ഉപയോഗിക്കേണ്ടത്. തെെരിൽ കാൽസ്യം, വെെറ്റമിനുകൾ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
4, ആവണക്കെണ്ണ
പ്രോട്ടീനുകൾ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയെല്ലാം വലിയ അളവിൽ അടങ്ങിയ ആവണക്കെണ്ണ വെളിച്ചെണ്ണയുടേത് പോലെ മുടികൊഴിച്ചിൽ, പൊട്ടൽ, വരണ്ട ചർമ്മത്തിന്റെ കുഴപ്പങ്ങൾ ഇവയൊക്കെ അകറ്റും.
ഹെയർ മാസ്‌ക് തയ്യാറാക്കുന്നത് ഇങ്ങനെ
ആദ്യം കറിവേപ്പില എടുക്കുക. അതിലേയ്ക്ക് ഒരു ബൗൾ തെെര്, ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്‌പൂൺ ആവണക്കെണ്ണ എന്നിവയും വെള്ളവും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഈ മിശ്രിതം അരിച്ച് എടുത്ത ശേഷം അത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകി കളയാം.