ശിരോചർമത്തിലെ ഫംഗസ് ബാധയെയാണ് താരൻ എന്നുപറയുന്നത്. ഈ ശല്യം ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിക്കാത്തവരുണ്ടാകില്ല. വന്നുകഴിഞ്ഞാൽ ഇത് പോകാൻ വളരെ പാടാണ്. മാത്രമല്ല താരനുപിന്നാലെ തന്നെ ചൊറിച്ചിലും മുടി കൊഴിച്ചിലുമൊക്കെ ഉണ്ടാകുകയും ചെയ്യും.
താരനകറ്റാൻ നിരവധി ഷാംപുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇതിൽ ചിലതൊക്കെ ഉപയോഗിച്ചാൽ നിരാശയായിരിക്കും ഫലം. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ, പണ ചെലവില്ലാതെ പ്രശ്നം പരിഹരിക്കാനായാൽ അതല്ലേ ഏറ്റവും നല്ലത്.
വെളിച്ചെണ്ണ ഉപയോഗിച്ചുകൊണ്ട് താരനെ അകറ്റാൻ കഴിയും. ഇളം ചൂടുള്ള എണ്ണ കൊണ്ട് എല്ലാ ദിവസവും ശിരോചർമം നന്നായി മസാജ് ചെയ്യുന്നത് താരനകറ്റാൻ സഹായിക്കും. എണ്ണ നേരിട്ട് ചൂടാക്കരുത്. ഒരു പാത്രമോ സ്പൂണോ ചൂടാക്കിയ ശേഷം എണ്ണ അതിലൊഴിച്ചാൽ കിട്ടുന്ന ചൂട് തന്നെ ധാരാളം. ശേഷം നന്നായി മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം.