തൊലിപ്പുറത്ത് കാണുന്ന പാടുകളും കുരുക്കളുമെല്ലാം മിക്കവരും വളരെ നിസാരമാക്കിയെടുത്ത് തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ തൊലിയില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ അസ്വാഭാവികമായ സൂചനകളെയും നിസാരമാക്കി എടുക്കുന്നത് നന്നല്ല.
ചിലപ്പോഴെങ്കിലും സമയബന്ധിതമായി ചികിത്സയെടുത്തില്ലെങ്കില്‍ ഭാവിയില്‍ സങ്കീര്‍ണമാകും വിധത്തിലുള്ള രോഗങ്ങളുടെ ലക്ഷണവുമാകാം ഇങ്ങനെ വരുന്ന പാടുകളും കുരുക്കളുമെല്ലാം. എക്സീമ അഥവാ വരട്ടുചൊറി എന്ന അസുഖത്തെ കുറിച്ച് ഏവര്‍ക്കുമറിയാം. ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ ജീവിതകാലം മുഴുവൻ എക്സീമയില്‍ നിന്ന് മുക്തി നേടാൻ സാധിക്കുകയില്ല. എന്നാല്‍ എക്സീമയോട് കൂടി തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അതിന് സമയബന്ധിതമായ ചികിത്സയും ശ്രദ്ധയും വേണമെന്ന് മാത്രം.
എക്സീമയെ കുറിച്ചും ഇത് തെറ്റിദ്ധരിക്കപ്പെടുന്നതിനെ കുറിച്ചുമാണിനി വിശദീകരിക്കുന്നത്. എക്സീമ ഓരോ വ്യക്തിയെയും ഓരോ രീതിയിലാകാം ബാധിക്കുക. അതിന് അനുസരിച്ച് എക്സീമയുടെ പ്രകടമായ ലക്ഷണങ്ങളിലും വ്യത്യാസം വരാം.
പലപ്പോഴും ചെറിയ പാടുകളായോ, ചെറിയ കുരുക്കളായോ എല്ലാമാകാം എക്സീമ ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് കാണുന്നത്. എന്നാല്‍ ആളുകള്‍ ഇത് വളരെ നിസാരമായ എന്തെങ്കിലും അലര്‍ജിയോ അണുബാധയോ ആണെന്ന രീതിയില്‍ തള്ളിക്കളയും. ഇങ്ങനെ ചികിത്സ വൈകിപ്പിക്കുംതോറും ഇതിന്‍റെ കാഠിന്യം കൂടി വരാം.
എക്സീമ ഗൗരവമായ അവസ്ഥയിലേക്ക് എത്തുന്നത് തീര്‍ച്ചയായും വ്യക്തിയെ വലിയ രീതിയില്‍ ശാരീരികമായും മാനസികമായും ബാധിക്കാം. നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും രോഗം പ്രശ്നത്തിലാക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കാം. ഇതിന് മുമ്പ് തന്നെ രോഗം മനസിലാക്കുകയും ചികിത്സ തേടുകയും വേണമെങ്കില്‍ ആദ്യം രോഗത്തിന്‍റെ പൊതുവായ ലക്ഷണങ്ങളാണ് അറിയേണ്ടത്.
ചൊറിച്ചില്‍, ചുവന്ന നിറം, കുരുക്കള്‍, ചലം (പഴുപ്പോ നീരോ ഒലിക്കുന്നത്) ഒലിക്കുക, ചര്‍മ്മം തിക്ക് ആയി പാളികള്‍ പോലെ ചിലയിടങ്ങളില്‍ കാണുന്നത്, വീക്കം എന്നിവയെല്ലാമാണ് എക്സീമ ലക്ഷണങ്ങളായി വരുന്നത്. ഇതില്‍ കടുത്ത ചൊറിച്ചിലും നീര് ഒലിക്കുന്ന അവസ്ഥയും കാണുന്നത് അല്‍പം കൂടി ഗൗരവമുള്ള കേസുകളിലാണ്. അതിനാല്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക.
ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഡെര്‍മറ്റോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്. പരിശോനയിലൂടെ രോഗം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ളത് ഉറപ്പിക്കണം. രോഗമുണ്ടെങ്കില്‍ അടുത്ത പടിയായി തന്നെ ചികിത്സയും ആരംഭിക്കണം.