പിസിഒഡി (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന ആരോഗ്യ പ്രശ്നം കാണപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. ഹോര്‍മോണ്‍ വ്യതിയാനമാണ് പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. ആര്‍ത്തവ ക്രമക്കേടുകള്‍, അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാന ലക്ഷണങ്ങള്‍. ദൈനംദിന ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഇതുമൂലമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ക്യത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ അത് ഭാവിയില്‍ ചിലരില്‍ വന്ധ്യത പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് വരെ നയിച്ചേക്കാം.
ആര്‍ത്തവസമയത്തിലെ ക്രമക്കേട് തന്നെയാണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക. ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, അമിത രക്തസ്രാവം, ബ്ലീഡിംഗ് നീണ്ടുപോവുക, ആര്‍ത്തവമില്ലാതിരിക്കുക, ഒരു മാസം ഒന്നിലധികം തവണ ബ്ലീഡീംഗ് വരിക എന്നിങ്ങനെ പല ക്രമക്കേടുകളും പിസിഒഡിയുടെ ഭാഗമായി വരാം. ആര്‍ത്തവസമയത്തെ അസഹനീയമായ വേദന, ആര്‍ത്തവത്തിന് മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യം, ഉത്കണ്ഠ തുടങ്ങിയവയും ചിലരില്‍ ഉണ്ടാകാം. ശരീരത്തിലെ അമിത രോമവളര്‍ച്ച, മുഖക്കുരു, ശരീരഭാരം വര്‍ധിക്കുക തുടങ്ങിയവയും ചിലരില്‍ പിസിഒഡി മൂലം ഉണ്ടാകാറുണ്ട്.
മോശം ജീവിതശൈലി, ജനിതക കാരണങ്ങള്‍, സമ്മർദ്ദം, എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പിസിഒഡിയിലേയ്ക്ക് നയിച്ചേക്കാം. ഇതൊരു മെറ്റബോളിക് അവസ്ഥയാണ്, നല്ല ഭക്ഷണക്രമത്തിലൂടെ ഇവയെ നിയന്ത്രിക്കാം. ബാലന്‍സ് ഡയറ്റ് ശീലമാക്കുക എന്നതാണ് പിസിഒഡിയെ ചെറുക്കാനുള്ള ആദ്യപടി. ഒപ്പം വ്യായാമവും ചെയ്യണം.