നിമ്പു പാനി, നിമ്പു സോഡ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന നാരങ്ങാവെള്ളം വേനൽക്കാലത്ത് എല്ലാവർക്കും പ്രിയപ്പെട്ട ഒരു പാനീയമാണ്. ചായ, കാപ്പി അല്ലെങ്കിൽ മറ്റേതെങ്കിലും പഴച്ചാറുകൾ എന്നിവയ്ക്ക് പകരം നാരങ്ങാവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നവരുമുണ്ട്. രുചികരവും ഉന്മേഷം നൽകുന്നതുമായ പാനീയമാണ് ഇത്. ചൂടിൽ ആശ്വാസമാകുന്നതോടൊപ്പം നാരങ്ങാ വെള്ളത്തിന് എണ്ണമറ്റ ആരോഗ്യ ഗുണങ്ങളും ഉണ്ട്. അവ ഏതെല്ലാമെന്ന് അറിയാം.
1. വിറ്റാമിൻ സിയുടെ ഉറവിടം
നാരങ്ങയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാതിരിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനോടൊപ്പം തളർവാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാനും വിറ്റാമിൻ സി സഹായിക്കുന്നു. ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുന്നത് ക്ഷീണം അകറ്റുകയും ഉൻമേഷം നൽകുകയും ചെയ്യും.
2. ശരീരഭാരം കുറക്കാൻ സഹായിക്കുന്നു
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊഴുപ്പുകളുടെ ഓക്സീകരണത്തിന് കാരണമാകുകയും ഇതുവഴി ശരീരഭാരം കുറയുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന ഒരു തരം നാര് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല ഏറെ നേരം വയറുനിറഞ്ഞിരിക്കുന്നതുപോലെ തോന്നിപ്പിക്കുകയും ചെയ്യും.ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇതുമൂലം കുടവയറും അമിതവണ്ണത്തെയും ഇല്ലാതാക്കാനും കഴിയും.
3. ജലാംശം നിലനിർത്താൻ സഹായിക്കുന്നു
നിര്‍ജലീകരണം തടയുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് നാരങ്ങാവെള്ളം കുടിക്കുന്നത്. കൂടാതെ, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിച്ചുനിര്‍ത്താനും നാരങ്ങാവെള്ളം സഹായിക്കും. ശരീരത്തിന് ഹാനികരമായ ശീതളപാനീയങ്ങള്‍ കുടിക്കുന്നത് കുറയ്ക്കാനും അതുവഴി ആരോഗ്യത്തോടെയിരിക്കാനും നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാൽ നിർജ്ജലീകരണം തടയാം.
4. ദഹനത്തിന് സഹായിക്കുന്നു.
ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് വെള്ളം കുടിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. ദിവസവും വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കഴിക്കുന്നത് വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. ആയുർവേദത്തിൽ പറയുന്നതനുസരിച്ച്, ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്ന 'അഗ്നി' എന്ന മൂലകത്തെ ഉത്തേജിപ്പിക്കാൻ നാരങ്ങാ വെള്ളം സഹായിക്കുന്നു.
5. ചർമത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ
ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചർമത്തിനും നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാൻ നാരങ്ങ നല്ലതാണ്. 2016 ൽ രോമമില്ലാത്ത എലികളിൽ സിട്രസ് അടങ്ങിയ ജ്യൂസുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇവ ചർമത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് തടയും എന്നായിരുന്നു കണ്ടെത്തൽ. വൈറ്റമിൻ സി കൂടാതെ, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.