നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ചർമ്മത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകും.
/sathyam/media/post_attachments/RamV2ApEYAYnzouy0KQW.jpg)
ഒന്ന്...
ചർമ്മം, ചുണ്ടുകൾ, നഖം എന്നിവ നീലനിറമാകുന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാമെന്ന് ഡോ. അഭിജിത് പറയുന്നു.
രണ്ട്...
കെെവിരലുകളിലെ നഖങ്ങൾ വൃത്താകൃതിയാകുന്നതാണ് ക്ലബ്ബിംഗ് എന്നത്. ഇത് പലപ്പോഴും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗം അല്ലെങ്കിൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പോലുള്ള അവസ്ഥകളിൽ ഇത് കാണുന്നു.
മൂന്ന്...
ചർമ്മത്തിൽ മഞ്ഞകലർന്ന മുഴകളായി പ്രത്യക്ഷപ്പെടാൻ കഴിയുന്ന ഫാറ്റി ഡിപ്പോസിറ്റുകളാണ് സാന്തോമസ് (Xanthomas) എന്നത്. ഹൃദ്രോഗത്തിനുള്ള അപകട ഘടകമായ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ ഇവ കാണാവുന്നതാണ്.
നാല്...
ചർമ്മത്തിന് താഴെ രക്തസ്രാവം ഉണ്ടാകുമ്പോൾ പ്രത്യക്ഷപ്പെടുന്ന വളരെ ചെറിയ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ പാടുകളെയാണ് Petechiae എന്ന് പറയുന്നത്. അവ എൻഡോകാർഡിറ്റിസിന്റെ ലക്ഷണമാകാം. ഹൃദയത്തിന്റെ ആന്തരിക പാളിയിലെ (എൻഡോകാർഡിയം) അണുബാധയാണ് എൻഡോകാർഡിറ്റിസ് (endocarditis).
അഞ്ച്...
വെരിക്കോസ് സിരകളേക്കാൾ ചെറുതാണ് Spider veins. അവ സാധാരണയായി ചുവപ്പാണ് . ചിലന്തിവലയോട് സാമ്യമുള്ള ഒരു പാറ്റേണിലാണ് അവ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ അവയെ Spider veins എന്ന് പറയുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തെ പരോക്ഷമായി ബാധിക്കുന്ന ചില തരത്തിലുള്ള ഹൃദയ വാൽവ് തകരാറുകളുമായോ കരൾ രോഗങ്ങളുമായോ അവ ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ചർമ്മ ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.