വൃക്കാർബു​ദത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച് അറിയാം

New Update

വൃക്കയിലെ കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ മാറ്റങ്ങളും വളർച്ചയുമാണ് വൃക്കാർബുദത്തിലേക്ക് നയിക്കുന്നത്. ലളിതമായി പറഞ്ഞാൽ വൃക്കയിലെ കോശങ്ങളുടെ അസ്വാഭാവിക വളർച്ചയാണ് ഇതിന് കാരണമാകുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൃക്കയിലെ കാൻസർ കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും അറുപത്തിയഞ്ചിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിലാണ് വൃക്കാർബുദം കൂടുതലായി കണ്ടുവരുന്നത്.

Advertisment

publive-image

വൃക്കയിലെ കാൻസറുകൾ പലവിധത്തിലുണ്ട്. റീനൽ സെൽ കാർസിനോമ, ട്രാൻസിഷണൽ സെൽ കാൻസർ, റെനാ‍ൽ സാർകോമ, വിൽസ് ട്യൂമർ എന്നിവയാണ് അവ. മുതിർന്നവരിൽ ഏറ്റവും അധികം കാണപ്പെടുന്ന വൃക്കാർബുദമാണ് റീനൽ സെൽ കാർസിനോമ. എൺ‌പത്തിയഞ്ചു ശതമാനം കിഡ്നി കാൻസറുകളും ഈ വിഭാ​ഗത്തിൽ പെട്ടതാണ്. ആറുമുതൽ ഏഴുശതമാനം വരെ കിഡ്നി കാൻസറുകൾക്ക് കാരണമാകുന്നത് ട്രാൻസിഷണൽ സെൽ കാൻസർ ആണ്.

ഒരുശതമാനം കിഡ്നി കാൻസറുകൾക്ക് കാരണമാകുന്നതാണ് റെനാൽ സാർകോമ. കുട്ടികളിൽ വൃക്കയിലെ കാൻസർ കാണപ്പെടുന്നത് കുറവാണെങ്കിലും വിൽസ് ട്യൂമർ എന്ന ഒരിനം വൃക്കാർബുദം കണ്ടുവരാറുണ്ട്. കുട്ടികളിൽ കാണപ്പെടുന്ന അഞ്ച് ശതമാനം കിഡ്നി കാൻസറുകളും വിൽസ് ട്യൂമർ ബാധിച്ചാണ്. വയറിൽ മുഴകളായിട്ടാണ് ഈ രോ​ഗം വരാറുള്ളത്. മൂത്രം ചുവന്ന് കാണുക, പ്രഷർ കൂടുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. നേരത്തെ കണ്ടുപിടിച്ചു കഴിഞ്ഞാൽ മാറാവുന്ന കാൻസറുമാണിത്.

വൃക്കാർബുദത്തിന് കാരണമാകുന്നത് എന്താണ് എന്നത് സംബന്ധിച്ച കൃത്യമായ ഉത്തരങ്ങൾ ലഭ്യമല്ല. പ്രായമായവരിലാണ് വൃക്കാർബുദം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. പുകവലി കിഡ്നി കാൻസറുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്, എത്രത്തോളം കാലമായി പുകവലിക്കുന്നുവോ അത്രത്തോളം അപകടസാധ്യതയും കൂടുതലാണ്. അമിതവണ്ണമുള്ളവരും അപകടസാധ്യതാ വിഭാ​ഗത്തിൽ ഉള്ളവരാണ്.

അമിതരക്ത സമ്മര്‍ദ്ദം, സ്ഥിരമായി വേദനസംഹാരി ഉപയോ​ഗിക്കുന്നവർ, കുടുംബാം​ഗങ്ങളിൽ ആർക്കെങ്കിലും കിഡ്നി കാൻസർ ഉള്ളവരിൽ, ജനിതകവ്യതിയാനം, കാഡ്മിയം, ലെഡ് പോലുള്ള സ്ഥിരം ടോക്സിനുകൾ ശരീരത്തിലെത്താൻ സാധ്യതയുള്ളവർ (ജോലിസംബന്ധമായോ ഇടപഴകലിലൂടെ), തുടങ്ങിയവരിൽ കിഡ്നി രോ​ഗത്തിനുള്ള സാധ്യത കൂടുതലാണ്.

മറ്റു വൃക്കരോ​ഗങ്ങളെപ്പോലെ തന്നെ പലപ്പോഴും ലക്ഷണങ്ങളിലാതെ തന്നെയാണ് വൃക്കയിലെ കാൻസറുകൾ പ്രത്യക്ഷമാകാറുള്ളത്. മിക്കപ്പോഴും മറ്റൊരു അസുഖത്തിനു വേണ്ടി വയറ് സ്കാൻ ചെയ്യുമ്പോഴോ മറ്റോ ഒക്കെ അസുഖം കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. താഴെ നൽകിയിരിക്കുന്നവയാണ് വൃക്കാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

  • ഉയർന്ന രക്തസമ്മർദം
  • അനീമിയ
  • വയറിനുള്ളിൽ മുഴ
  • വയറുവേ​ദന
  • മൂത്രത്തിന് ചുവന്ന നിറം
  • അമിതമായ ക്ഷീണം
  • വിശപ്പില്ലായ്മ
  • ഛർദി
  • ഹീമോ​ഗ്ലോബിന്റെ അളവ് കൂടുതൽ
  • നീണ്ടുനിൽക്കുന്ന പനി
  • ഭാരക്കുറവ്
  • സന്ധിവേദന
Advertisment