ഡെങ്കിപ്പനിക്കു പിന്നാലെ ജില്ലയിൽ എലിപ്പനിയും പടരുന്നു. ഈ മാസം ഇതുവരെ ജില്ലയിൽ 11 പേർക്ക് എലിപ്പനി ബാധിച്ചു. കൃഷ്ണപുരം, ചമ്പക്കുളം, മംഗലം, മണ്ണഞ്ചേരി,ആലപ്പുഴ എന്നിവിടങ്ങളിലാണ് 15ന് എലിപ്പനി സ്ഥീരീകരിച്ചത്. എലിപ്പനി പടരുന്നതു ശ്രദ്ധയിൽ പെട്ടതോടെ ആരോഗ്യവകുപ്പ് ഇന്നലെ ജാഗ്രതാ നിർദേശം പുറത്തിറക്കി.
/sathyam/media/post_attachments/HPgEDHANG4HI7xFAEe17.jpg)
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിലെത്തിയാണ് രോഗമുണ്ടാകുന്നത്. എലിപ്പനിയുടെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയും. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവയും കണ്ടേക്കാം.
വയൽ, ഓട, കുളങ്ങൾ, തോടുകൾ തുടങ്ങിയിടങ്ങളിൽ പണിയെടുക്കുന്നവർ എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം. ശരീര ഭാഗങ്ങളിൽ മുറിവുള്ളവർ മുറിവുണങ്ങുന്നത് വരെ ഈ പണികളിലേക്കിറങ്ങരുത്. ഇത്തരം ജോലി ചെയ്യുന്നവർ എലിപ്പനിക്കെതിരെയുള്ള രോഗപ്രതിരോധ മരുന്നായ ഡോക്സിസെക്ലിൻ ഗുളികകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കഴിക്കുക. ശരീരത്തിൽ മുറിവുള്ളപ്പോൾ മലിനമായ വെള്ളത്തിലോ മണ്ണിലോ സ്പർശിച്ചാലും പ്രതിരോധ ഗുളിക കഴിക്കുക.
ഗുളിക ആരോഗ്യസ്ഥാപനങ്ങളിൽ സൗജന്യമായി ലഭിക്കും. മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കയ്യുറകളും കട്ടിയുള്ള റബർ ബൂട്ടുകളും ഉപയോഗിക്കുക. വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ മാസ്ക് ഉപയോഗിക്കുക. പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടുക, സ്വയം ചികിത്സ പാടില്ല, ഇ–സഞ്ജീവനി പോലുള്ള ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുക, ആശുപത്രികളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക, കടുത്ത പനി, കഠിനമായ ക്ഷീണം, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിത്സ തേടുക. പനി, പേശീവേദന എന്നിവയ്ക്കു ലക്ഷണം പറഞ്ഞു മരുന്നു വാങ്ങിക്കഴിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.