ഉമിനീർ പരിശോധനയിലൂടെ ഗർഭം സ്ഥിരീകരിക്കുന്ന സംവിധാനം വികസിപ്പിച്ച് ഇസ്രായേൽ

New Update

ഉമിനീർ പരിശോധനയിലൂടെ ഗർഭം സ്ഥിരീകരിക്കുന്ന സംവിധാനം വികസിപ്പിച്ച് ഇസ്രായേൽ. ഇതിനായി 'സാലിസ്റ്റിക്ക്' എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. കാലങ്ങളായി മൂത്രം പരിശോധിച്ചാണ് ഗർഭിണിയാണോയെന്നത് കണ്ടെത്തുന്നത്. ഉമിനീർ പരിശോധന ഇതിന് പകരമായി പ്രവർത്തിക്കുമെന്നാണ് ഉപകരണം വികസിപ്പിച്ച കമ്പനിയുടെ അവകാശവാദം. നിലവിൽ യു കെ, അയർലണ്ട് എന്നിവിടങ്ങളിൽ ഉമിനീർ പരിശോധന ലഭ്യമാണ്.

Advertisment

publive-image

ജെറുസലേം ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പ് കമ്പനിയായ 'സാലിഗ്നോസ്റ്റിക്‌സ്' ആണ് ഉമിനീർ പരിശോധനയിലൂടെ ഗർഭം കണ്ടെത്തുന്ന കിറ്റ് വികസിപ്പിച്ചത്. കൊവിഡ് പരിശോധന മാതൃകയിലുള്ള ടെക്‌നോളജിയാണ് ഇതിലും ഉപയോഗിച്ചതെന്ന് കമ്പനി വെളിപ്പെടുത്തി. സാലിസ്റ്റിക്ക് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും എവിടെയിരുന്നും ഗർഭ പരിശോധന നടത്താം.

പരിശോധന നടത്തുന്നതിനായി ആദ്യം കുറച്ചുനേരം ഉപകരണം വായ്ക്കുള്ളിൽ വച്ച് ഉമിനീർ ശേഖരിക്കണം. ഇത് ഒരു പ്ളാസ്റ്റിക് ട്യൂബിലേയ്ക്ക് മാറ്റണം. ഇവിടെ ജൈവ രാസപ്രവർത്തനം നടക്കും. ഭ്രൂണത്തെ സ്വീകരിക്കുന്നതിനായി ഗർഭപാത്രത്തെ തയ്യാറാക്കാൻ സഹായിക്കുന്ന പ്രത്യേക ഹോർമോണായ 'എച്ച് സി ജി' കണ്ടെത്തിയാണ് ഗർഭിണിയാണോയെന്ന് സ്ഥിരീകരിക്കുന്നത്. ഇസ്രായേലിലെ ഗർഭിണികളും അല്ലാത്തവരുമായ മുന്നൂറോളം സ്‌ത്രീകളിൽ പരീക്ഷണം നടത്തിയതിനുശേഷമാണ് കമ്പനി സാലിസ്റ്റിക് എന്ന ഉപകരണം വിപണിയിലെത്തിച്ചത്.

മൂന്ന് മിനിട്ടിനുള്ളിൽ തന്നെ സൂചനകൾ ലഭിക്കുമെന്നും അഞ്ച് മുതൽ പതിനഞ്ച് മിനിട്ടിനുള്ളിൽ പരിശോധനയുടെ ഫലം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. യൂറോപ്യൻ യൂണിയനിൽ സാലിസ്റ്റിക് ഉപകരണം വിൽക്കുന്നതിനുള്ള അനുമതി കഴിഞ്ഞ വർഷം തന്നെ ലഭിച്ചുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ ഈ സംവിധാനം വിൽക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

Advertisment