പല്ലിനുണ്ടാകുന്ന കേടുകൾക്ക് കാരണം എന്താണെന്ന് അറിയുമ്പോഴാണ് ശരിക്കും ഞെട്ടുന്നത്. പല്ലുതേയ്പ്പിൽ ഉൾപ്പെടെ നാം കാണിക്കുന്ന ഗുരുതരമായ അബദ്ധങ്ങളാണ് ഇതിന് കാരണമെന്നാണ് ബ്രിട്ടനിലെ ഒരുകൂട്ടം ഡോക്ടർമാർ പറയുന്നത്. എന്താണോ ചെയ്യേണ്ടത് അതിന് നേർ വിപരീതമായ കാര്യങ്ങളാണ് തൊണ്ണൂറുശതമാനം പേരും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. ഇതോടെ പല്ലും വായും കേടാവുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ക്ഷയിക്കുകയും ചെയ്യും.
കടയിൽച്ചെന്ന് തോന്നുന്ന ഒരു ബ്രഷ് തിരഞ്ഞെടുക്കയാണ് മിക്കവരുടെയും രീതി. എന്നാൽ ഇത് ശരിയായ പ്രവണത അല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പല്ലിന് യോജിച്ച രീതിയിലുള്ള ബ്രഷ് തന്നെ തിരഞ്ഞെടുക്കണം. ഇതിന് ഡോക്ടറുടെ സേവനം തേടാം. ബ്രഷുകളുടെ പരിപാലനത്തിലും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ബ്രഷുകളിൽ ഈർപ്പമുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബ്രഷിൽ കൂടുതൽ സമയം ഈർപ്പമുണ്ടായാൽ ബാക്ടീരിയകൾ വളരുന്നതിന് അത് ഇടയാക്കും. ഇത് പല്ലിന്റെ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. അതിനാൽ ഉണങ്ങിയതിനുശേഷം മാത്രം ബ്രഷുകൾ ഹോൾഡറിൽ സൂക്ഷിക്കുക.
ബ്രഷ് ഹാേൾഡറുകൾ ഒരിക്കലും ബാത്ത്റൂമിലോ ടോയ്‌ലറ്റിന് സമീപത്തോ വയ്ക്കരുത്. അണുബാധ ഉണ്ടാകാൻ സാദ്ധ്യത കൂടുതലുള്ളതിനാലാണിത്. ഫ്ളഷ് ചെയ്യുമ്പോൾ വിസർജ്യങ്ങൾ വളരെ ചെറിയ കണങ്ങളായി പുറത്തേ് ശക്തിയായി തെറിക്കാറുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് ഇതൊരിക്കലും കാണാൻ കഴിയില്ല. ഈ കണങ്ങൾ ബ്രഷുകളിൽ പറ്റിപ്പിടിക്കുകയും അണുക്കൾ വളരെപ്പെട്ടെന്ന് അതിൽ പെറ്റുപെരുകുകയും ചെയ്യും. ക്ളോസെറ്റിന്റെ മൂടി അടച്ചശേഷം ഫ്ലഷ് ചെയ്യാൽ ഈ പ്രശ്നം ഒരുപരിധിവരെ ഒഴിവാക്കാം. പക്ഷേ, ആരും ഇങ്ങനെ ചെയ്യില്ലെന്ന് മാത്രം.
മൂന്നാേ നാലോ മാസം കഴിയുമ്പോൾ ബ്രഷുകൾ ഉറപ്പായും മാറ്റിയിരിക്കണം. പ്രത്യക്ഷത്തിൽ കേടുപാടുകൾ ഇല്ലെങ്കിലും മാറ്റിയിരിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബ്രഷ് ചെയ്യാൻ വെറും രണ്ടുമിനിട്ട് മാത്രം മതിയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഫ്ലൂറൈഡ് ഉള്ള പേസ്റ്റായിരിക്കണം ഉപയോഗിക്കേണ്ടത്. ഒരു പറയുമണിയുടെ വലിപ്പത്തിൽ മാത്രം മതി പേസ്റ്റ്. പല്ലിൽ ബ്രഷുകാെണ്ട് ഏറെ അമർത്തരുത്. അങ്ങനെ പതിവായി ചെയ്താൽ ഇനാമലിന് കേടുണ്ടാവും.
വൃത്താകൃതിയിൽ ചെറുതായി അമർത്തിവേണം ബ്രഷ് ചെയ്യേണ്ടത്. മൗത്ത് വാഷ് പതിവായി ഉപയോഗിക്കുന്നതും ഒഴിവാക്കണം. പല്ലിനിടയിൽ കടന്നിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ മാറ്റാൻ പിന്നും ഈർക്കിലിയും ടൂത്ത് പിക്കുകളും ഒട്ടുമിക്കവരും ഉപയോഗിക്കുന്നുണ്ട്. ഇത് പല്ലുകളെയും മോണകളെയും ദോഷകരമായി ബാധിക്കും. ഭക്ഷണാവശിഷ്ടങ്ങൾ മാറ്റാൻ ഫ്ലോസ് ചെയ്യണം.