വൈറ്റമിൻ സിയാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ നെല്ലിക്ക ഹൃദ്രോഗം, ഹൈപ്പർെടൻഷൻ, പ്രമേഹം, ദഹനപ്രശ്നങ്ങൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകും. രോഗപ്രതിരോധശക്തിയേകാനും രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഹോർമോൺ സന്തുലനം നിലനിർത്താനും നെല്ലിക്ക സഹായിക്കും. എന്നാൽ കൂടിയ അളവിൽ നെല്ലിക്ക കഴിച്ചാൽ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. വൈറ്റമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. ഒരു നെല്ലിക്കയിൽ 600 മുതൽ 700 മില്ലിഗ്രാം വരെ വൈറ്റമിന്‍ സി ഉണ്ട്. എന്നാൽ കൂടിയ അളവിൽ നെല്ലിക്ക കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അവ എന്തൊക്കെ എന്നറിയാം.
അസിഡിറ്റി
നെല്ലിക്ക അമ്ലഗുണം ഉള്ള ഫലമാണ്. ഇത് അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകും. ഹൈപ്പർ അസിഡിറ്റി ഉള്ളവർ നെല്ലിക്ക വെറുംവയറ്റില്‍ കഴിക്കരുത്. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നാരുകൾ ധാരാളം അടങ്ങിയതിനാൽ കൂടിയ അളവിൽ കഴിച്ചാൽ മലബന്ധം ഉണ്ടാകാനും കാരണമാകും.
രക്തം കട്ടപിടിക്കുന്നത് തടയും
നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങൾ ഉള്ളതിനാൽ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോർഡർ ഉള്ള ആളാണെങ്കിൽ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും.
ഹൈപ്പോക്സീമിയ
നെല്ലിക്ക അധികമായി കഴിക്കുന്നത് ഹൈപ്പോക്സീമിയയ്ക്ക് കാരണമാകും. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്ന അവസ്ഥ ആണിത്. ശ്വസനപ്രശ്നങ്ങൾ ഉണ്ടാകുകയും പല അവയവങ്ങളുടെയും പ്രവർത്തനം തകരാറിലേക്കു നയിക്കുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കും. എങ്കിലും പ്രമേഹരോഗികൾ മരുന്ന് കഴിക്കുന്നതോടൊപ്പം നെല്ലിക്ക കൂടുതൽ കഴിക്കുന്നത് നല്ലതല്ല. നെല്ലിക്ക അമിതമായി കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കുറയുകയും മരുന്നിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ വൈദ്യനിർദേശപ്രകാരം മാത്രമേ നെല്ലിക്ക കഴിക്കാവൂ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ഇത് അപകടകരമാണ്. കാഴ്ച മങ്ങുക, ഏകാഗ്രത നഷ്ടപ്പെടുക, ശരിയായി ചിന്തിക്കാൻ കഴിയാതെ വരുക, സംസാരം കുഴയുക, മന്ദത, ഇവയെല്ലാം ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ അവസ്ഥ ഏറെനേരം തുടർന്നാൽ അത് അപസ്മാരത്തിനും കോമയിൽ ആവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
ഗർഭിണികളിൽ
അങ്ങേയറ്റം പോഷകഗുണങ്ങൾ ഉള്ള ഒന്നാണ് നെല്ലിക്ക എങ്കിലും അമിതമായ അളവിൽ കഴിക്കുന്നത് ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.