പ്രഥമശുശ്രൂഷയ്ക്ക് എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെക്കെയാണെന്ന് നോക്കാം..

New Update

നടുറോഡിൽ  കുഴഞ്ഞുവീഴുന്നവരും മറ്റ് അപകടങ്ങളിൽ പെടുന്നവരുമെല്ലാം സഹായത്തിനായി കൈനീട്ടുമ്പോൾ ഓടിയെത്തി പ്രാഥമിക സഹായം നൽകാൻ ഏതൊരാളും പഠിച്ചിരിക്കണം. വിദഗ്ധനായ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിനു മുൻപ് പ്രാഥമിക സഹായം ചെയ്താൽ പലപ്പോഴും ജീവൻ രക്ഷിക്കാനാകും.

Advertisment

publive-image

പ്രഥമശുശ്രൂഷ നൽകാൻ പ്രത്യേക പഠനം ആവശ്യമുണ്ടോ?

പ്രാഥമിക സഹായം നൽകാൻ കോമൺ സെൻസ് മതിയാകുമെങ്കിലും കൂടുതൽ ഫലപ്രദവും മെച്ചപ്പെട്ടതുമായ രീതിയിൽ പ്രാഥമിക സഹായം നൽകാൻ പരിശീലനവും മാർഗനിർദേശങ്ങളും ആവശ്യമാണ്.

പ്രഥമശുശ്രൂഷയ്ക്ക് എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

പ്രഥമശുശ്രൂഷയുടെ സുവർണനിയമങ്ങൾ എന്നറിയപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ആദ്യം ചെയ്യേണ്ടത് ആദ്യം എന്നതാണ് ആദ്യ നിയമം. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കി ശാസ്ത്രീയമായ രീതിയിലും ഭയപ്പെടാതെയും കാര്യങ്ങൾ ചെയ്യുക.

രണ്ടാമതായി അപകട കാരണം ഒഴിവാക്കുകയും പരുക്കേറ്റ വ്യക്തിയെ അവിടെ നിന്നു മാറ്റുകയും ചെയ്യുക. അപകടത്തിൽ പെട്ടയാളുടെ കഴുത്ത്, അരക്കെട്ട്, കൈകാലുകൾ എന്നിവിടങ്ങളിൽ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ ഉണ്ടെങ്കിൽ മാറ്റുക. രക്തസ്രാവം നിർത്തുക, മുറിവുകൾ, പൊള്ളലേറ്റ ഭാഗങ്ങൾ എന്നിവ മറയ്ക്കുക, ഒടിവുള്ള അസ്ഥികൾ ഇളകാതെ സൂക്ഷിക്കുക.പ്രതികൂല സാഹചര്യങ്ങളില്ലെങ്കിൽ അപകടസ്ഥലത്തു വച്ചുതന്നെ പരിചരണം ആരംഭിക്കുക. രോഗിയോട് ആശ്വാസവചനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കണം. എത്രയും വേഗം വൈദ്യസഹായം നൽകണം.

ഉപകരണങ്ങളുടെ സഹായമില്ലാതെ എങ്ങനെ പ്രഥമശുശ്രൂഷ നൽകാനാകും?

അപകടം നടന്ന സ്ഥലത്ത് ഒരു ഉപകരണവും ലഭ്യമായെന്നു വരില്ല. ലഭ്യമായവയെ അതിനു പാകപ്പെടുത്തിയെടുക്കണം. അമിത രക്തസ്രാവം ഒഴിവാക്കാൻ, ശുചിയായ തുണി ഉപയോഗിച്ച് മുറുക്കി കെട്ടാവുന്നതാണ്. ഒടിഞ്ഞ എല്ലുകൾ വീണ്ടും ഇളകാതിരിക്കാൻ മരക്കഷണമോ പ്ലാസ്റ്റിക് വസ്തുക്കളോ ഉപയോഗിച്ച് കെട്ടിവയ്ക്കാം. കഴുത്തിന് ഇളക്കംതട്ടാതിരിക്കാൻ പത്രം മടക്കി പാകത്തിനു വയ്ക്കാം. പൊള്ളലേറ്റ ഭാഗങ്ങൾ ഇല, പ്ലാസ്റ്റിക് ഷീറ്റ് എന്നിവകൊണ്ട് മൂടാം.

വാഹനാപകടമുണ്ടായ സ്ഥലത്തെത്തിയാൽ ആദ്യം എന്തു ചെയ്യണം?

അപകടസ്ഥലം നമുക്ക് എത്രമാത്രം സുരക്ഷിതമാണെന്നു തിരിച്ചറിയണം. അപകടത്തിന് ഇനിയും സാധ്യതയുണ്ടോയെന്നു ശ്രദ്ധിക്കുക. അപകടസ്ഥലത്തു നിന്ന് രോഗിയെ മാറ്റി നിവർത്തിക്കിടത്തുക. സഹായത്തിന് ആവശ്യമുള്ളവരെ മാത്രം അടുത്തു നിർത്തുക. ബേസിക് ലൈഫ് സപ്പോർട്ടിന്റെ അടിസ്ഥാനപാഠങ്ങൾ ശാസ്ത്രീയമായി ചെയ്യുന്നതു നല്ലതാണ്. അമിത രക്തസ്രാവമുള്ളിടത്ത് ശക്തിയായി അമർത്തിപ്പിടിച്ച് രക്തസ്രാവം നിർത്താൻ ശ്രമിക്കണം. തുണി കെട്ടുന്നതും നല്ലതാണ്. ഈ കെട്ടുകൾ ഒന്നര മണിക്കൂർ കൂടുമ്പോൾ അഴിച്ചു കെട്ടേണ്ടതാണ്. ശരീരഭാഗങ്ങൾ അറ്റു പോയത് കണ്ടെത്തിയാൽ നനഞ്ഞ ശുദ്ധമായ നേർത്ത തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കൂട്ടിലാക്കി അത് ഐസ്കട്ടകൾ ഉള്ള മറ്റൊരു കൂട്ടിലാക്കി ആറു മണിക്കൂറിനുള്ളിലെങ്കിലും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുക. വാഹനത്തിൽ നിവർത്തിക്കിടത്തുന്നത് നട്ടെല്ലിനു ക്ഷതം സംഭവിച്ചവർക്ക് നല്ലതാണ്.

എന്താണ് ബേസിക് ലൈഫ് സപ്പോർട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

കുഴഞ്ഞുവീണ ഒരാളെ കണ്ടാൽ ആദ്യം അയാളെ തട്ടി വിളിച്ചു നോക്കണം. എഴുന്നേൽക്കുന്നില്ലെങ്കിൽ പൾസ് പരിശോധിക്കുക. നാഡിമിടിപ്പ് ഇല്ലെങ്കിൽ കൂടുതൽ ശ്രദ്ധ നൽകണം. നാഡിമിടിപ്പ് വീണ്ടെടുക്കാൻ ഹൃദയഭാഗത്ത് തുടരെ അഞ്ചു സെന്റിമീറ്റർ വരെ താഴ്ത്തി അമർത്തണം. 30 തവണ ആവർത്തിച്ചതിനു ശേഷം മൂക്കടച്ചുപിടിച്ച് വായിലൂടെ ശ്വാസം ഉള്ളിലേക്ക് രണ്ടു തവണ (30:2) ശക്തിയിൽ കടത്തിവിടണം. നാഡിമിടിപ്പ് തിരികെ ലഭിക്കുന്നതു വരെയോ രോഗി, ബോധം വീണ്ടെടുക്കുന്നതു വരെയോ വൈദ്യസഹായം ലഭിക്കുന്നതുവരെയോ ഇതു തുടരണം. ഇതാണ് ബിഎൽഎസ്.

പൊള്ളൽ, വീഴ്ച എന്നീ അപകടങ്ങളിൽ പ്രാഥമിക സഹായം പ്രയോജനപ്പെടുമോ?

തീർച്ചയായും. പൊള്ളലേറ്റ ഭാഗത്ത് പൈപ്പിൽ നിന്നു വെള്ളം വീഴാൻ അനുവദിക്കുക. വേദന കുറയുന്നതു വരെ വെള്ളമൊഴിക്കാവുന്നതാണ്. പൊള്ളൽ മൂലമുണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്. ആസിഡ്, ആൽക്കലി എന്നിവ ദേഹത്തോ കണ്ണിലോ വീണ് പൊള്ളലേറ്റാലും വെള്ളം ധാരധാരയായി ഒഴിക്കുന്നതു നല്ലതാണ്. എന്നാൽ തണുത്ത വെള്ളമോ ഐസ് കട്ടകളോ ഉപയോഗിക്കാൻ പാടില്ല. വൈദ്യുതി മൂലമുണ്ടാകുന്ന എല്ലാ പൊള്ളലുകളും നിർബന്ധമായും വൈദ്യപരിശോധനയ്ക്കു വിധേയമാക്കണം.

വീഴ്ചകളിൽ സാധാരണ തല, നട്ടെല്ല് എന്നിവയ്ക്കാണ് ക്ഷതമേൽക്കുന്നത്. അബോധാവസ്ഥയോ രണ്ടു തവണയിൽ കൂടുതൽ ഛർദിയോ അപസ്മാരബാധയോ ഉണ്ടായാൽ വൈദ്യസഹായം തേടണം. ശ്വാസക്രമം സാധാരണമല്ലെങ്കിൽ പ്രത്യേക ശ്രദ്ധ നൽകണം.

മൃഗങ്ങളുടെ ആക്രമണമുണ്ടായാൽ പ്രാഥമിക സഹായം നൽകുന്നതെങ്ങനെ?

സാധാരണയായി പാമ്പ്, നായ, പൂച്ച എന്നിവയുടെ ഉപദ്രവമാണ് മനുഷ്യനു നേരിടേണ്ടി വരുന്നത്. പാമ്പുകടിയേറ്റാൽ മുറിവുണ്ടായ ഭാഗം അനക്കാതിരിക്കുക. മുറിവുള്ളിടത്ത് കംപ്രഷൻ ബാൻഡേജ് ചുറ്റുന്നതു നല്ലതാണ്. ചുറ്റുന്ന ബാൻഡേജിനുള്ളിലേക്ക് ഒരു വിരൽ കടത്താൻ പറ്റുന്ന വിധത്തിൽ ബാൻഡേജ് കെട്ടണം. ഒരു കാരണവശാലും വിഷം വായ കൊണ്ട് വലിച്ചു കളയാൻ ശ്രമിക്കരുത്. രോഗിയെ സമാശ്വസിപ്പിക്കുകയെന്നത് പ്രധാനമാണ്.

പേപ്പട്ടിയോ വീട്ടിൽ വളർത്തുന്ന പട്ടിയോ പൂച്ചയോ കടിച്ചാൽ വെള്ളമുപയോഗിച്ച് മുറിവേറ്റ ഭാഗം നന്നായി കഴുകുക. സോപ്പ് ഉപയോഗിച്ചു കഴുകുന്നത് ഉത്തമം. ഉടൻ തന്നെ വൈദ്യസഹായം തേടുക.

Advertisment