ഉയര്‍ന്ന കൊളസ്ട്രോള്‍ ജീവിതശൈലി കൊണ്ടു മാത്രമല്ല ജനിതകപ്രശ്നം മൂലവുമാകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം..

New Update

ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ പഴി പലപ്പോഴും അലസമായ ജീവിതശൈലിക്കും മോശം ഭക്ഷണശീലങ്ങള്‍ക്കുമാണ് വരാറുള്ളത്. എന്നാല്‍ ഇവ കൊണ്ടു മാത്രമല്ല ചിലപ്പോഴൊക്കെ ചില ജനിതക തകരാര്‍ കൊണ്ടും ചിലരില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ജനിതക തകരാര്‍ മൂലം കൊളസ്ട്രോള്‍ വന്നവര്‍ക്ക് ഭക്ഷണശൈലി മാറ്റിയാലോ വ്യായാമം ചെയ്താലോ ഒന്നും കൊളസ്ട്രോള്‍ കുറഞ്ഞേക്കില്ല. മരുന്ന് കഴിക്കുന്നതുവരെ ഇത്തരക്കാരില്‍ കൊളസ്ട്രോള്‍ തോത് കുറയില്ല.

Advertisment

publive-image

ക്രോമസോം 19ല്‍ വരുന്ന ചില ജനിതക തകരാറുകളാണ് ചിലരില്‍ കുടുംബപരമായി തന്നെ ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകുന്നത്. ഈ തകരാര്‍ മാതാപിതാക്കളില്‍ രണ്ടു പേരുടെയും ജീനുകളിലോ ഒരാളുടെ മാത്രം ജീനിലോ ആകാം. മാതാപിതാക്കളില്‍ രണ്ടു പേരുടെയും ജീനുകളില്‍ തകരാറുണ്ടെങ്കില്‍ കുഞ്ഞുങ്ങളുടെ ചെറുപ്പകാലത്തുതന്നെ കൈമുട്ടിലും കണ്ണുപോളകള്‍ക്ക് ചുറ്റും കണ്ണിലെ ഐറിസിന് ചുറ്റും കൊളസ്ട്രോള്‍ അടിയാന്‍ തുടങ്ങാം. ഇത് ഇവരില്‍ ഹൃദ്രോഗസാധ്യതയും വര്‍ധിപ്പിക്കുന്നു. ജനിതകപരമായി വരുന്ന കൊളസ്ട്രോള്‍ തോത് പലപ്പോഴും ജീവിതശൈലിയുടെ ഭാഗമായി വരുന്ന കൊളസ്ട്രോള്‍ തോതിനെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതായിരിക്കാമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ചില പരിശോധനകളിലൂടെ ജനിതകപരമായ കൊളസ്ട്രോളിന്‍റെ മാര്‍ക്കറുകള്‍ രക്തത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും ഇവ ചെലവേറിയതാണെന്നും ഡോ. ചൗധരി കൂട്ടിച്ചേര്‍ത്തു. ജീനുകളിലെ ഇത്തരം തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ജീന്‍ തെറാപ്പികള്‍ ഗവേഷകര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ ഭാവിയില്‍ ജനിതകപരമായ കൊളസ്ട്രോളിനെ പൂര്‍ണമായും ഭേദമാക്കുന്ന ജീന്‍ തെറാപ്പി ചികിത്സകള്‍ ഉയര്‍ന്ന് വന്നേക്കാം. അതുവരെ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് മരുന്നുകളെ ആശ്രയിക്കേണ്ടി വന്നേക്കാമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

Advertisment