ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാനോ കാര്യക്ഷമമായി വിനിയോഗിക്കാനോ ശരീരം പരാജയപ്പെടുമ്പോൾ രക്തത്തില്‍ പഞ്ചസാരയുടെ തോത് ഉയരുന്ന സാഹചര്യമാണ് പ്രമേഹം. പ്രമേഹം ശരീരത്തില്‍ ഉടനീളമുള്ള രക്തധമനികളെയും നാഡീവ്യൂഹ വ്യവസ്ഥയെയും ബാധിക്കും. ഇതിന്‍റെ ഫലമായി പക്ഷാഘാതം ഉള്‍പ്പടെ ജീവന്‍തന്നെ നഷ്ടമാകുന്ന രോഗാവസ്ഥകളും ഉണ്ടാകാം. ഉയര്‍ന്ന പഞ്ചസാര തലച്ചോറിലേക്കുള്ള രക്തധമനികളെ ചുരുക്കുകയും അവയെ ദൃഢമാക്കുകയും ചെയ്യുന്നത് രക്തപ്രവാഹം കുറയാനും പക്ഷാഘാതമുണ്ടാകാനും കാരണമാകുന്നു. പ്രമേഹ രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 2-4 മടങ്ങ് അധികമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/post_attachments/UGieurDKK5ouMuLy189g.jpg)
കൊളസ്ട്രോള്‍ തോതും പ്രമേഹ രോഗികളുടെ പക്ഷാഘാതത്തിന് പിന്നിലെ കാരണങ്ങളിലൊന്നാണെന്ന് ഓഖ്‌ല ഫോര്‍ട്ടിസ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജി അസോഷ്യേറ്റ് കണ്‍സൽറ്റന്‍റ് ഡോ. ഛവി അഗര്‍വാള്‍ ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രമേഹം ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെ തോതുയര്‍ത്തുമെന്നും ഇത് രക്തധമനികളില്‍ അടിഞ്ഞ് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുണ്ടാക്കാമെന്നും ഡോ. ഛവി ചൂണ്ടിക്കാട്ടി.
ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, മരുന്നുകള്‍ എന്നിവയിലൂടെ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താനാകും. ഇത് പക്ഷാഘാതത്തിനുള്ള സാധ്യതയും കുറയ്ക്കും. രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ തോതും നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതും അമിതമായ മദ്യപാനം ഒഴിവാക്കുന്നതും ഗുണം ചെയ്യും. പ്രമേഹ രോഗികള്‍ പക്ഷാഘാത ലക്ഷണങ്ങളെയും കരുതിയിരിക്കണം. മുഖത്തിനോ കൈകാലുകള്‍ക്കോ പെട്ടെന്ന് തോന്നുന്ന ദൗര്‍ബല്യവും മരവിപ്പും, സംസാരിക്കാന്‍ ബുദ്ധിമുട്ട്, മുഖം കോടല്‍, കടുത്ത തലവേദന എന്നിവയെല്ലാം പക്ഷാഘാത ലക്ഷണങ്ങളാണ്.