മുട്ട കൊണ്ടുള്ള ചില ഹെയർപാക്കുകൾ പരിചയപ്പെടാം..

New Update

ശരീരത്തിന് വേണ്ട പോഷകാഹാരം നൽകാൻ മുട്ട മുൻ പന്തിയിലുണ്ട്. എന്നാൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിനും മുട്ട നല്ല ഒന്നാന്തരം പോംവഴിയാണ്. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായകമാണ്.മുടിയുടെ ആരോഗ്യത്തിനായി നേരിട്ട് മുടിയിൽ മുട്ട തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.

Advertisment

publive-image

തൈരും മുട്ടയുടെ മഞ്ഞയും

ഒരു കപ്പ് തൈര് എടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി ഇളക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടുക. മുപ്പതു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുടിയിഴകളെ ഉറപ്പുള്ളതാക്കാനും അകാല നര തടയുന്നതിനും ഇതു സഹായിക്കും.

മുട്ടയും തൈരും തേനും

ഒരു മുട്ടയുടെ മഞ്ഞക്കുരു, ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ തൈര്, അര സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ എന്നിവ ഒരു പാത്രത്തില്‍ എടുക്കുക. ഇതെല്ലാം നന്നായി മിക്സ് ചെയ്തശേഷം തലയിൽ പുരട്ടുക. രണ്ടു മണിക്കൂറിനുശേഷം ചെറുചൂടു വെള്ളത്തിൽ കഴുകി കളയാം. മുടി കഴുകുമ്പോൾ ഷാംപു ഉപയോഗിക്കരുത്. മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗമാണിത്.

മുട്ട കണ്ടീഷനർ

ശരിയായ കണ്ടീഷനിങ് ചെയ്യാത്തതു മുടി പൊട്ടുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ്. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിച്ചശേഷം സ്പൂൺ ഉപയോഗിച്ചു നന്നായി അടിച്ച് പതപ്പിക്കുക. ഇതു തലയിൽ പുരട്ടി മൂന്നു മണിക്കൂറിനുശേഷം കഴുകി കളയുക. ആദ്യം തണുത്ത വെള്ളത്തിൽ കഴുകുക. മണം പോകാന്‍ ഷാംപു ഉപയോഗിച്ച് വീണ്ടും കഴുകുക. ആഴ്ചയില്‍ ഒരിക്കൽ ഇതു ചെയ്താൽ മുടി കൊഴിച്ചിൽ കുറയും.

മുട്ടയുടെ മഞ്ഞയും അവോക്കാഡോയും

രണ്ടു മുട്ടയുടെ മഞ്ഞ, ഒരു അവോക്കാഡോ എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടുക. 20 മിനിറ്റിനുശേഷം സാധാരണ വെള്ളത്തിൽ കഴുകുക. ഇത് കണ്ടീഷനറായി പ്രവർത്തിച്ച് മുടിക്ക് മിനുസമേകും.

ഒലിവ് ഓയിലും മുട്ടയും

ഒരു പാത്രത്തിൽ ഒരു മുട്ടയും  മൂന്നു സ്പൂൺ ഒലിവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ ഹെയർ മാസ്ക് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചെറുചൂടു വെള്ളത്തിൽ തല കഴുകണം. മുടിക്ക് തിളക്കവും കരുത്തും ലഭിക്കാൻ ഉത്തമമാണിത്.

Advertisment