ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലം പ്രധാനമാണ്. എല്ലുകളുടേയും പേശികളുടേയും ആരോഗ്യത്തിനോ വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. അസ്ഥികളിൽ അകാരണമായ വേദന, കാൽമുട്ടുവേദന തുടങ്ങിയവയൊക്കെ സൂചിപ്പിക്കുന്നത് ദുർബലമായ അസ്ഥികളുടെ അടയാളമായിരിക്കാം. തെറ്റായ ഭക്ഷണശീലം തന്നെയാകാം ഇതിനൊരു കാരണം.
/sathyam/media/post_attachments/R6VUfYGzxyJfPMeiD5ZE.jpg)
ഫ്രഞ്ച് ഫ്രൈസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഫ്രഞ്ച് ഫ്രൈസ് മറ്റ് പൊട്ടറ്റോ ചിപ്സ്, ബര്‍ഗര്‍, പിസ തുടങ്ങിയവ അധികം കഴിക്കേണ്ട. കാര്‍ബോണേറ്റഡ് പാനീയങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയോ കാൽസ്യം നഷ്ടപ്പെടുകയോ ചെയ്യും. ഈ പാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ വായുടെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
കോഫിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. അമിതമായ കഫൈന്‍ ഉപഭോഗം അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുമെന്ന് നിരവധി പഠനങ്ങളും പറയുന്നു. അതിനാല്‍ കോഫി കുടിക്കുന്നതിന്‍റെ അളവും കുറയ്ക്കുക. പാലുൽപ്പന്നങ്ങൾ, മത്സ്യം, ചിക്കൻ തുടങ്ങിയവ പ്രോട്ടീന്‍റെ മികച്ച ഉറവിടങ്ങളാണെന്നത് ശരിയാണ്. എന്നാൽ മിതത്വം ഇവിടെ പ്രധാനമാണ്, കാരണം അമിതമായ ഒന്നും ഒരിക്കലും നമുക്ക് നല്ലതല്ല. അമിതമായ പ്രോട്ടീൻ കഴിക്കുന്നത് മൂത്രത്തിൽ ധാതുക്കൾ നഷ്ടപ്പെടാൻ ഇടയാക്കും.
ചോക്ലേറ്റുകളും മിഠായികളും അധികം കഴിക്കുന്നതും അസ്ഥികൾക്ക് ഹാനികരമാണ്. ഇവയിൽ പഞ്ചസാര കൂടുതലായതിനാൽ സ്വാഭാവികമായും നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് നമ്മുടെ അസ്ഥികളുടെ ഗുണനിലവാരത്തെയും സാന്ദ്രതയെയും നേരിട്ട് ബാധിക്കുന്നു. നിങ്ങളുടെ ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയാനും ഇതിന് കഴിയും. അതിനാല്‍ മധുര പലഹാരങ്ങൾ, ഐസ്ക്രീം, കേക്കുകൾ, ബ്രൗണികൾ, ഡെസേർട്ടുകള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.