പല്ലുതേയ്ക്കുന്നത് വായയുടെയും പല്ലിന്റെയും ആരോഗ്യത്തിനുവേണ്ടി മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ പല്ല് ശരിയല്ലെങ്കിൽ ഹൃദ്‌രോഗം വരെ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പല്ലുതേപ്പ് ശരിയായ രീതിയിലല്ലെങ്കിൽ മറവിരോഗം എളുപ്പത്തിൽ ബാധിക്കുമെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. അധികം പ്രായമാകുന്നതിന് മുമ്പ് മറവി രോഗം ബാധിക്കുന്നതിന് ഒരു പ്രധാന കാരണം പല്ലിന്റെയും വായയുടെയും പ്രശ്നമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
/sathyam/media/post_attachments/YnwsmLwWZpYr7prWYgbE.jpg)
പല്ലുകളും വായയും നന്നായി വൃത്തിയാക്കാത്തവരിൽ അണുബാധയും മറ്റുംകൊണ്ട് പല്ലിന് ചുറ്റുമുള്ള കോശങ്ങൾക്ക് വീക്കം സംഭവിക്കും. ഇതോടെ മോണകൾ ചുരുങ്ങുകയും പല്ലുകൾ അയയുകയും ചെയ്യും. ഈ അവസ്ഥ തലച്ചോറിൽ വീക്കം ഉണ്ടാക്കുമെന്നും അത് മറവിരോഗത്തിലേക്ക് നയിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്.
മോണരോഗമുള്ളവരെയും പല്ലുകൾ നഷ്ടപ്പെട്ടവരെയും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രശ്നങ്ങളുള്ള ആൾക്കാരുടെ തലച്ചോർ വേഗത്തിൽ ചുരുങ്ങുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. ഇത്തരക്കാരിൽ സാധാരണക്കാരെ അപേക്ഷിച്ച് ഒരു വർഷം മുന്നേ മസ്തിഷ്ക വാർദ്ധക്യം ഉണ്ടാവുമെന്നും പഠനത്തിൽ വ്യക്തമായി. ഇങ്ങനെ മസ്തിഷ്ക വാർദ്ധക്യം ഉണ്ടാകുന്നതാണ് മറവിരോഗത്തിന് കാരണമാകുന്നത്.