പനീറിൽ മാരകമായ സൾഫ്യൂരിക് ആസിഡ് ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ലായനി വികസിപ്പിച്ച് വെറ്ററിനറി സർവകലാശാല. പാലിൽ സിട്രിക് / അസറ്റിക് ആസിഡ് ചേർത്താണ് പനീറുണ്ടാക്കേണ്ടത്. സൾഫ്യൂരിക് ആസിഡ് ചേർത്താൽ എളുപ്പത്തിലുണ്ടാക്കാം. 2018ൽ ഹരിയാനയിൽ ഇങ്ങനെ വൻതോതിൽ പനീറുണ്ടാക്കിയത് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയിരുന്നു.
/sathyam/media/post_attachments/uCnkDXxsXDT1UUJMEj7k.jpg)
തുടർന്നാണ് ഇത് കണ്ടെത്താനുള്ള ഗവേഷണം സർവകലാശാലയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെയറി ആൻഡ് ഫുഡ് ടെക്‌നോളജി തുടങ്ങിയത്. രാസ മിശ്രിതങ്ങളുപയോഗിച്ച് ഒരു വർഷം നീണ്ട പരീക്ഷണത്തിലൂടെയാണ് ലായനി തയ്യാറാക്കിയത്. പാത്രത്തിലോ ടെസ്റ്റ് ട്യൂബിലോ എടുക്കുന്ന പനീറിൽ ഈ ലായനി ഒഴിച്ചാൽ സൾഫ്യൂരിക് ആസിഡുണ്ടെങ്കിൽ പർപ്പിൾ, റോസ് നിറമാകും. ഇല്ലെങ്കിൽ ഇളം മഞ്ഞയാവും. ലായനി ജനങ്ങൾക്ക് ലഭ്യമാക്കാനും ആലോചനയുണ്ട്.
85 ഡിഗ്രിയിൽ ചൂടാക്കിയ പാലിൽ നിശ്ചിത അളവിൽ സിട്രിക് / അസിറ്റിക് ആസിഡ് ഒഴിക്കുമ്പോൾ പ്രോട്ടീൻ കട്ടയാകും. വെള്ളം പൂർണ്ണമായും കളഞ്ഞ് പരത്തി പനീർ കേക്ക് രൂപത്തിൽ മുറിക്കുന്നു. പാലിൽ നാരങ്ങ പിഴിഞ്ഞോ വിനീഗറൊഴിച്ചോ വീട്ടിലുണ്ടാക്കാം. സൾഫ്യൂരിക് ആസിഡൊഴിച്ചാൽ പാൽ വേഗം കട്ട പിടിക്കും. ഡിമാൻഡിനനുസരിച്ച് എളുപ്പമുണ്ടാക്കാമെന്നതാണ് മെച്ചം.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതുൾപ്പെടെ പനീറിന്റെ ഗുണനിലവാര പരിശോധന വിരളമാണ്. പരാതിയുണ്ടെങ്കിലേ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കൂ. വിഷാംശം ചെറിയ അളവിലാണെങ്കിൽ ശരീരത്തിലുണ്ടാക്കുന്ന ദോഷം പെട്ടെന്ന് തിരിച്ചറിയില്ല. ആസിഡുകളുടെ രാജാവ്. ചെറിയ അളവിൽ ശരീരത്തിലെത്തിയാലും പൊള്ളലും രോഗങ്ങളും. വായ, തൊണ്ട, കുടൽ, അന്നനാളം തുടങ്ങിയവയെ ബാധിക്കും. ഛർദ്ദിക്കും അസിഡിറ്റിക്കും സാദ്ധ്യത.