റെഡ് മീറ്റ്, കാർബ്സ്, ഡയറി ഇവയടങ്ങിയ ബർഗർ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണത്തിന്റെ കൂട്ടത്തിൽ പെടുന്ന ഒന്നാണ്. എന്നാൽ ഗവേഷകർ പറയുന്നത് സമീകൃത ഭക്ഷണത്തിനൊപ്പം ആരോഗ്യകരമായി ബർഗറിനെയും ഉൾപ്പെടുത്താം എന്നാണ്. പ്രോസസ് ചെയ്ത ഇറച്ചിയായ ബേക്കൺ, സോസേജുകൾ, സലാമി ഇവയെല്ലാം ശരീരഭാരം കൂട്ടുക മാത്രമല്ല, കാൻസർ, ഹൃദയപ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
/sathyam/media/post_attachments/Nls70cfJ2SVLEZPn53Iu.jpg)
എന്നാൽ പുതിയ ഒരു കനേഡിയൻ പഠനം പറയുന്നത് ചെറിയ അളവിൽ പ്രോസസ് ചെയ്യാത്ത റെഡ്മീറ്റ്, ഫുൾഫാറ്റ് അടങ്ങിയ ഡയറി (പാലുൽപ്പന്നങ്ങൾ) എന്നിവ ആരോഗ്യത്തിനു ദോഷകരമല്ല എന്നാണ്. ഇത് ആരോഗ്യകരമായ ഭക്ഷണങ്ങളോടൊപ്പം കഴിക്കണം എന്നു മാത്രം. കൂടിയ അളവിൽ പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, നട്സ്, പയർവർഗങ്ങൾ, പരിപ്പുകൾ ഇവയെല്ലാം കഴിക്കുന്നത് ആരോഗ്യകരവും ദീർഘായുസ്സ് നൽകുന്നതുമാണെന്ന് പഠനം പറയുന്നു. ഒരു ദിവസം 85 ഗ്രാം റെഡ്മീറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ഇവ പ്രോസസ് ചെയ്യപ്പെടാത്തവ (സംസ്കരിക്കാത്തവ) ആയിരിക്കണം. ഫ്രഷ് ആയ ഈ ഇറച്ചി ഉപയോഗിച്ച് ബർഗറിനായി പാറ്റീസ് തയാറാക്കുകയും ആവാം. ബർഗർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഫ്രഷ് ആയ സ്റ്റീക്ക്, ചോപ്സ്, ചെറുതായി കൊത്തിയരിഞ്ഞ ബീഫ് ഇവയൊന്നും ദോഷകരമല്ല. മാത്രമല്ല ഇവയിൽ പോഷകങ്ങളായ പ്രോട്ടീൻ, വൈറ്റമിൻ ബി12, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.
ബീഫിൽ ഉള്ള പ്രോട്ടീനിൽ അമിനോ ആസിഡ് ഉണ്ട്. ഇത് പോഷകങ്ങൾ, ഊർജം ഇവ ഏകുന്നതോടൊപ്പം പേശീവളർച്ചയ്ക്കും അവയുടെ കേടുപാടുകൾ പരിഹരിക്കാനും കലകളുടെ (tissue) വളർച്ചയ്ക്കും സഹായകമാണ്. പ്രോസസ് ചെയ്യാത്ത റെഡ് മീറ്റ് ദിവസവും ചെറിയ അളവിൽ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല എന്ന് മറ്റൊരു പഠനവും പറയുന്നു. ഇത് ഹൃദ്രോഗത്തിനു കാരണമാകുന്ന അപകടഘടകങ്ങളായ ബ്ലഡ് ലിപ്പിഡിന്റെയും രക്തസമ്മർദത്തിന്റെയും അളവ് കൂട്ടുകയില്ല.
ദിവസവും രണ്ടു തവണ കൊഴുപ്പടങ്ങിയ പാലുൽപ്പന്നങ്ങളായ പാൽക്കട്ടി (ചീസ്), പാല്, തൈര് ഇവ കഴിക്കുന്നത് നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും. എന്നാൽ നട്സ്, മത്സ്യം, പാലുൽപന്നങ്ങൾ ഇവ പോഷകങ്ങൾ നൽകുന്നതോടൊപ്പം രുചികരവും ആണ്. ഇവ ഭക്ഷണത്തിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തണം.