എപ്പോഴും ക്ഷീണിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ? ഇത്തരം അവസ്ഥകൾ ആവർത്തിച്ച് സംഭവിക്കാറുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമാകാം ഈ തളർച്ച.
/sathyam/media/post_attachments/tfbqfstkDFWrFcwoo59W.jpg)
ഹീമോഗ്ലോബിൻ
രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ശരീരം മുഴുവൻ ഓക്സിജൻ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്നുപോകുമ്പോഴാണ് അനീമിയ എന്ന അവസ്ഥയിലെത്തുന്നത്. ഭക്ഷണം കൃത്യമാക്കിയാൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി ഉന്മേഷം തിരിച്ചുപിടിക്കാനാകും.
ഇറച്ചി, മത്സ്യം, പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കാം.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പും ഉയർന്ന അളവിൽ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്‌റൂട്ടിലുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് ആയി കുടിക്കുന്നതും നല്ലതാണ്. ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ബീൻസ്, നിലക്കടല, മുളപ്പിച്ച പയർ എന്നിവയും ഹീമോഗ്ലോബിൻ കൂട്ടാൻ നല്ലതാണ്.
മാതളനാരങ്ങ
ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ഇരുമ്പ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച ഇല്ലാതാക്കാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ പഴങ്ങളാണ്.