നീന്തൽതാരം സാജൻ പ്രകാശ് സായുധ പൊലിസ് അസി. കമാൻഡൻ്റായി ചുമതലയേറ്റു; സ്ഥാനക്കയറ്റം ലഭിച്ചത് എട്ടുമാസം വൈകി

New Update

publive-image

Advertisment

പീരുമേട്: ഇന്ത്യയുടെ രാജ്യാന്തര നീന്തൽതാരം ഒളിംപ്യൻ സാജൻ പ്രകാശ് ആംഡ് പൊലിസിൽ അസിസ്റ്റൻ്റ് കമാൻഡൻ്റായി ചുമതലേയറ്റു. ഇടുക്കി കുട്ടിക്കാനത്തെ കേരള ആംഡ് പൊലിസ് അഞ്ചാം ബറ്റാലിയനിലാണ് ചുമതലേയറ്റത്. കെ.എ.പി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് ബോബി കുര്യൻ അധികാര ചിഹ്നങ്ങൾ അണിയിച്ച് അസി. കമാൻഡൻ്റിനുള്ള ചുമതലകൾ കൈമാറി.

അസി. കമാൻഡൻ്റുമാരായ പി.ഒ റോയി, സ്റ്റാർമോൻ ആർ. പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരള പൊലിസ് അസോസിയേഷന് വേണ്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ ജയരാജ് സാജന് ഉപഹാരം കൈമാറി. പേരൂർക്കട പൊലിസ് ആംഡ് ബറ്റാലിയനിൽ ഇൻസ്പെക്ടറായിരുന്ന സാജന് ഒരാഴ്ച മുൻപാണ് സർക്കാർ സ്ഥാനക്കയറ്റം നൽകിയത്.

35-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണമെഡലുകൾ നീന്തിക്കൂട്ടിയതോടെയാണ് സാജൻ പ്രകാശിന് പൊലിസിൽ ഇൻസ്പെക്ടറായി അന്നത്തെ യു.ഡി.എഫ് സർക്കാർ ജോലി നൽകിയത്. 2016 റിയോ ഒളിംപിക്സിൽ പങ്കെടുക്കുകയും ലോക പൊലിസ് ചാംപ്യൻഷിപ്പിൽ ഉൾപ്പെടെ രാജ്യാന്തര നീന്തൽ ചാംപ്യൻഷിപ്പുകളിൽ സ്വർണമെഡലുകൾ നേടുകയും ചെയ്തിട്ടും സ്ഥാനക്കയറ്റം നൽകുന്നത് നീണ്ടു പോയി.

സാജനൊപ്പം സർവീസിൽ കയറിയ കായികതാരങ്ങൾക്കെല്ലാം എട്ടുമാസം മുൻപ് സ്ഥാനക്കയറ്റം നൽകിയപ്പോഴും സാജനെ പരിഗണിച്ചിരുന്നില്ല. എ സ്റ്റാൻഡേർഡ് യോഗ്യതയോടെയാണ് ടോക്യോ ഒളിംപിക്സിന് സാജൻ യോഗ്യത നേടിയത്. രാജ്യത്ത് ആദ്യമായാണ് ഒരു നീന്തൽതാരം എ ലെവൽ യോഗ്യത നേടിയത്.

തൃശ്ശൂരിൽ ആയുർവേദ ചികിത്സയിലായിരുന്നു സാജൻ. അടുത്ത മാസം ബംഗ്ലൂരിൽ നടക്കുന്ന ദേശീയ സീനിയർ നീന്തൽ ചാംപ്യൻഷിപ്പിനായുള്ള പരിശീലനത്തിനായി സാജന് ഒരു മാസത്തെ അവധി അനുവദിച്ചിട്ടുണ്ട്.

ഇൻ്റർനാഷ്ണൽ സിമ്മിങ് ലീഗും, ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസ്, 2024 ലെ പാരിസ് ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള വിദേശ പരിശീലനവും ഉടൻ തുടങ്ങും. രാജ്യാന്തര നീന്തൽ ഫെഡറേഷൻ്റെ (ഫിന) സ്കോളർഷിപ്പുള്ള സാജൻ പ്രകാശ് തായ്ലൻഡിലും ദുബൈയിലുമായാണ് പരിശീലനം നടത്തുന്നത്.

-ഷാജി കുരിശുംമൂട്

idukki news
Advertisment