കരിമണ്ണൂര്‍:കരിമണ്ണൂർ ഗ്രാമപഞ്ചായത്തു കമ്മിറ്റിയിൽ പ്രതിപക്ഷ എതിർപ്പും ജനങ്ങളുടെ എതിർപ്പും അവഗണിച്ചു ചാലാശ്ശേരിയിൽ പ്ലൈവുഡ് ഫാക്ടറിക്ക് അനുമതി നൽകുവാൻ തീരുമാനിച്ചു. കമ്മിറ്റിയിൽ ഒൻപതാമത്തെ അജണ്ടയായാണ് പ്ലൈവുഡ് ഫാക്ടറിക്ക് അനുമതി നൽകാൻ ഉൾപ്പെടുത്തിയത്.
പെരുമ്പാവൂർ സ്വദേശികളായ ഉടമകൾ വളരെ നല്ല രീതിയിൽ ഫാക്ടറി നടത്തുന്നവരാണെന്നു ഭരണപക്ഷ അംഗങ്ങൾക്ക് ബോധ്യമായതായും സൂചന നൽകുന്നുണ്ട്. ഫാക്ടറിയിൽ നിന്നും വിഷ വസ്തുക്കളല്ല, ചെറുതേൻ ഉൾപ്പെടെയുള്ള ആരോഗ്യ ദായക വസ്തുക്കളാണ് പുറത്തു വിടുന്നതെന്ന് പഠനം നടത്തിയ സബ് കമ്മിറ്റി അംഗങ്ങൾ എഴുതി വിട്ടില്ലെന്നേയുള്ളു.
ഇതിനിടെ പ്രതിപക്ഷത്തെ മൂന്നു വനിതാ അംഗങ്ങളെ മാതൃകാപരമായി പ്രവർത്തിക്കാൻ പഠിപ്പിക്കണമെന്ന പേരിൽ ഏറ്റവും ഒടുവിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത് ബഹളത്തിന് കാരണമായി. അജണ്ടയിൽ ആദ്യം ഈ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അനുവദിച്ചില്ല.
പ്രതിപക്ഷ വനിതാ അംഗങ്ങൾ പ്രെസിഡന്റിനെ അപമാനിച്ചെന്നും, ഇതിനെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നുമായിരുന്നു അജണ്ട. ഇതേ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി ഹാളിൽ പ്രതിഷേധം പ്രകടിപ്പിച്ചു. പൊതുജനമധ്യത്തിൽ തങ്ങളെ അവഹേളിക്കാനുള്ള ശ്രെമമാണ് ഭരണപക്ഷം നടത്തുന്നതെന്ന് പ്രതിപക്ഷ മെമ്പർമാർ ആരോപിച്ചു.
ഇതിനിടെ സംസ്ഥാന മുഖ്യമന്ത്രിയുടെ മാധ്യമ വിരോധം കരിമണ്ണൂരിലും പ്രകടമായി. കേരള കോൺഗ്രസ് മാണി വിഭാഗം നേതാവായ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട്ടു മാധ്യമ പ്രവര്‍ത്തകന്‍ പി.എസ്.കെ പ്രവീണിനെ കമ്മിറ്റി ഹാളിൽ തടഞ്ഞു. മാധ്യമ പ്രവർത്തകർക്ക് ഇവിടെ പ്രേവേശനം ഇല്ലായെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
ഇതിനെയും പ്രതിപക്ഷ അംഗങ്ങൾ എതിർത്തു. വൈസ് പ്രെസിഡന്റിന്റെ അറിവില്ലായ്മയാണ് ഇതിനു കാരണം. ഗ്രാമപഞ്ചായത്തു കമ്മിറ്റിയിൽ മാധ്യമ പ്രവർത്തകർക്ക് പ്രേവേശനം അനുവദിച്ചിട്ടുള്ളതാണ്. ഭരണപക്ഷം ആയതോടെ ജനങ്ങളെ മറന്നുള്ള പ്രവർത്തനമാണ് ഇപ്പോൾ കരിമണ്ണൂരിൽ നടന്നു വരുന്നത്.
ഒട്ടേറെ പരിസ്ഥിതി പ്രേശ്നങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും പ്ലൈവുഡ് ഫാക്ടറിക്ക് അനുമതി നൽകിയത് ജനങ്ങളെക്കാൾ തങ്ങൾക്കു പ്രിയങ്കരർ വിഷം പുറത്തുവിടുന്ന ഫാക്ടറികളുടെ ഉടമകളെയാണ് എന്ന സന്ദേശമാണ് ഇവർ നൽകുന്നത്.