Advertisment

ഡോഗ് സ്‌ക്വാഡ് മണംപിടിച്ചത്തെി; ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന് 15 ലക്ഷത്തിന്റെ ചന്ദനത്തടി കടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെടുത്തി

New Update

publive-image

Advertisment

മറയൂർ : ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനത്തടികൾ കടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെടുത്തി. പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ കടത്താനുള്ള ശ്രമമാണ് ചിന്നാർ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്.

ഡോഗ് സ്‌ക്വാഡിലെ പെൽവിൻ എന്ന നായയുടെ സഹായത്തോടെയാണ് മോഷ്ടാക്കളുടെ ശ്രമം തകർത്തത്. സങ്കേതത്തിനുള്ളിൽ പാളപ്പെട്ടി ഗോത്രവർഗ കോളനിക്ക് സമീപം ഇണ്ടൻകാടിൽനിന്നുമാണ് 82 സെന്റിമീറ്റർ വണ്ണമുള്ള വലിയ ചന്ദനമരം തിങ്കളാഴ്ച പുലർച്ചെ മോഷ്ടാക്കൾ മുറിച്ചുവീഴ്‌ത്തിയത്.

കഷണങ്ങളാക്കവേ സമീപത്ത് ചന്ദനക്കാവലിന് നിയോഗിക്കപ്പെട്ട വാച്ചർമാരെ കണ്ട് പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ മുറിച്ചിട്ട ചന്ദനമരങ്ങളുടെ സമീപത്ത് നിന്നും മണം പിടിച്ച പെൽവിൻ അടുത്തുളള ചിന്നക്കുപ്പന്റെ വീട്ടിലെത്തുകയായിരുന്നു. പാളപ്പെട്ടി സ്വദേശികളായ ചിന്നകുപ്പനെയും ബിനുകുമാറിനെയും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും വനംവകുപ്പ് അധികൃതർ തിരയുകയാണ്.

ഇവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. മുറിച്ച ചന്ദനക്കഷണങ്ങൾ കരിമൂട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്ന് ചന്ദനത്തടി കടത്താനുള്ള ശ്രമം പരാജയപ്പെടുത്തുന്നത്.

NEWS
Advertisment