/sathyam/media/post_attachments/LDjmhUDPEuyqFjUigvOM.jpg)
ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും ലഹരി വര്‍ജ്ജന മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി നടത്തിയ സൈക്കിള്‍ റാലി മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ ജോമോന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
തൊടുപുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും ലഹരി വര്‍ജ്ജന മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും സൈക്കിള്‍ റാലിയും നടത്തി.
മുട്ടം ജംഗ്ഷനില്‍ നിന്നും തൊടുപുഴ ഗാന്ധിസ്‌ക്വയറിലേക്ക് നടത്തിയ ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ ജോമോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും സംസ്ഥാന ബാര്‍ കൗണ്‍സില്‍ പ്രസിഡണ്ടുമായ അഡ്വ. ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ.സലിം സ്വാഗതം പറഞ്ഞു.
ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്നും മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കുകയും ജീവിതം നശിപ്പിക്കുകയും ചെയ്യുന്ന ലഹരിവസ്തുക്കള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നും യോഗം ഉദ്ഘാടനം ചെയ്ത് തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു.
വിമുക്തി മിഷന്‍ ഇടുക്കി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായ ടെനിമോന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍രാജ്, കെഎസ്ഇഒഎ ഇടുക്കി ജില്ലാ സെക്രട്ടറി സുനില്‍ ആന്റോ. കെഎസ്ഇഎസ്എ ഇടുക്കി ജില്ലാ സെക്രട്ടറി ബൈജു.ബി. തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി. സിബി ചടങ്ങിന് നന്ദി പറഞ്ഞു.