തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ വെള്ളക്കയം ഗോത്രവർഗ കോളനി കമ്മ്യൂണിറ്റി ഹാൾ പൊതു പരിപാടികൾക്ക് തുറന്ന് നൽകണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ഗോത്രവർഗക്കാരുടെ ഊരുകൂട്ടങ്ങളും കല്യാണവും മറ്റ് പൊതുപരിപാടികളും നടന്നിരുന്നത് ഇവിടെയായിരുന്നു.
എന്നാൽ, രണ്ട് വർഷമായി ഇവിടെ പൊതുപരിപാടികളൊന്നും നടക്കുന്നില്ല. കെട്ടിടത്തിൽ
വനംസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പേപ്പർ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നതിനാലാണ് പൊതുപരിപാടികൾ വിലക്കിയതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
എന്നാൽ, യന്ത്രങ്ങൾ ഇറക്കി വെച്ചതല്ലാതെ പേപ്പർ നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടില്ല.
പട്ടികവർഗ വികസന വകുപ്പ് നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം വനംവകുപ്പ് കൈയടിക്കി വെച്ചിരിക്കുകയാണെന്ന് കോളനി നിവാസികൾ പറയുന്നു.
കമ്മ്യൂണിറ്റി ഹാളിനും പേപ്പർ നിർമാണ യൂണിറ്റിനും വെവ്വേറെ സൗകര്യമൊരുക്കി രണ്ടും പ്രവർത്തിപ്പിക്കണമന്നാണ് ആവശ്യം. അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ ഹാളിപ്പോൾ നാശത്തിന്റെ വക്കിലുമാണ്. 1993ൽ പട്ടികവർഗ ഉപ പദ്ധതി പ്രകാരം ലഭിച്ച ഫണ്ട് ഉപയോഗിച്ച് വനംവകുപ്പ് നിർമിച്ച കെട്ടിടമാണ് ഇത്.
ഗോത്രവർഗ വിഭാഗക്കാരുടെ ആവശ്യങ്ങൾക്കായി ഇത് വിട്ടുനൽകി. സൗജന്യമായി പൊതുപരിപാടികളും കല്യാണവും മറ്റും നടത്താൻ കഴിഞ്ഞിരുന്നതിനെ തുടർന്ന് നിർധനരായ കോളനി നിവാസികൾക്ക് കമ്മ്യൂണിറ്റി ഹാൾ ഏറെ സഹായകവുമായിരുന്നു.
എന്നാൽ, രണ്ട് വർഷം മുൻപ് വനംവകുപ്പ് യാതൊരു മുന്നറിയിപ്പുമില്ലാതെ കെട്ടിടം പൂട്ടി.ഇത് സംബന്ധിച്ച് പ്രദേശവാസികൾ അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടിയും ലഭിച്ചില്ല. കെട്ടിടത്തിന് സമീപത്തേക്ക് ആരെങ്കിലും എത്തുന്നുണ്ടോ എന്നറിയാൻ വനംവകുപ്പ് സി.സി.ടി.വി.ക്യാമറയും സ്ഥാപിച്ചു. 350ൽപരം കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഇവർക്കിപ്പോൾ കല്യാണവും പൊതുപരിപാടികളും മറ്റും നടത്താൻ സൗകര്യം ഇല്ലാത്ത അവസ്ഥയാണ്.
പരാതി നൽകിയെങ്കിലും നടപടികൾ ആയില്ല
കമ്മ്യൂണിറ്റി ഹാൾ പൊതുപരിപാടികൾക്കായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പട്ടികവർഗ വകുപ്പ്, കളക്ടർ, പഞ്ചായത്ത്, ഡി.എഫ്.ഒ. എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും നടപടികൾ ആയില്ല എന്നും പറയപ്പെടുന്നു. ഹാൾ നവീകരിക്കാൻ 2020-ൽ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
എന്നാൽ, വനംവകുപ്പ് എതിർപ്പുമായി വന്നു. ഇതേ തുടർന്ന് നവീകരണം സ്തംഭിച്ചു. വനംവകുപ്പ് വൈരാഗ്യപൂർവ്വം പെരുമാറുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ഹാൾ തുറന്ന് നൽകാൻ തയ്യാറാകണം എന്നാണ് ആവശ്യം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോളിനി നിവാസികൾ പറയുന്നു.