/sathyam/media/post_attachments/5QWbFhjwre7fQcCsNzWP.jpg)
ഇടുക്കി: ജില്ലയില്‍ നവ സാക്ഷരര്‍ക്കും അക്ഷരം മറന്നവര്‍ക്കും വേണ്ടി നടത്തിയ സാക്ഷരതാ പരീക്ഷ എഴുതിയത് 1849 പേര്‍. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നവംബര്‍ 7 മുതല്‍ 14 വരെ ആയിരുന്നു 'മികവുത്സവം' സാക്ഷരതാ പരീക്ഷ.
ജില്ലയിലെ 65 കേന്ദ്രങ്ങളിലായിട്ടായിരുന്നു സാക്ഷരതാ പരീക്ഷ. പരീക്ഷാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. പഠിതാക്കളില്‍ 484 പേര്‍ പുരുഷന്മാരും 1365 പേര്‍ സ്ത്രീകളും ആയിരുന്നു.
എസ് സി വിഭാഗത്തില്‍ നിന്ന് 562 പേരും, 384 പേര്‍ എസ് ടി വിഭാഗത്തില്‍ നിന്നും പരീക്ഷ എഴുതി. ഭിന്നശേഷിക്കാരായ 3 പേരും പരീക്ഷ എഴുതാനെത്തി. പഠിതാക്കളില്‍ പരീക്ഷാഭീതി ഉളവാക്കാതെ എഴുത്തിന്റെയും വായനയുടെയും മികവ് പരിശോധനയാണ് സാക്ഷരതാ പരീക്ഷയിലൂടെ നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പഠിതാക്കളെ സ്വീകരിച്ചു.
പരീക്ഷ എഴുതാനെത്തിയ പഠിതാക്കള്‍ക്ക് ലഘുഭക്ഷണവും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നല്‍കി. ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗം വിദ്യാകേന്ദ്രത്തില്‍ പരീക്ഷ എഴുതിയ 87 വയസുകാരി മറിയം തോമസ് ആണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ്.
21 വയസുകാരന്‍ രമേശ് ഡി ആണ് പ്രായം കുറഞ്ഞ പഠിതാവ്. മറയൂര്‍ പഞ്ചായത്ത് വിദ്യാകേന്ദ്രത്തിലാണ് രമേശ് പരീക്ഷ എഴുതിയത്. നവംബര്‍ 25ന് ഫലം പ്രഖ്യാപിക്കും.