/sathyam/media/post_attachments/fI2zDp4limxF27C8JmmY.jpg)
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ചാർജ് ഇരട്ടിയായി വർദ്ധിപ്പിച്ചതിന് എതിരെ വ്യാപകമായ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് 5, കാർ ഉൾപ്പടെയുള്ള മറ്റ് വാഹനങ്ങൾക്ക് 10 എന്ന രീതിയിലാണ് ഇവിടെ ചാർജ് ഈടാക്കിയിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇത് 10,20 എന്ന രീതിൽ ഉയർത്തി.കോവിഡ് വ്യാപനം,ഡെങ്കി, മറ്റ് പകർച്ച വ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങളാൽ ദുരിതത്തിലായി ആശുപത്രിയിൽ എത്തുന്ന ജനങ്ങളിൽ നിന്ന് വാഹന പാർക്കിങ്ങിന്റെ പേരിൽ ഇരട്ടി തുക ഈടാക്കുന്നതിൽ ജനം വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്.
പാർക്കിങ്ങ് ഫീസ് ഈടാക്കുന്ന സുരക്ഷ ചുമതലയുള്ള ജീവനക്കാരുമായി ആശുപത്രിയിൽ എത്തുന്ന മിക്കവാറും ആളുകൾ ഇത് സംബന്ധിച്ച് വാക്കേറ്റങ്ങളും പതിവാണ്. പാർക്കിങ്ങിന് കൂലി കൊടുക്കാൻ താല്പര്യം ഇല്ലാത്ത ചില വിരുതന്മാർ ആശുപത്രിയുടെ ഗേറ്റിന് പുറത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
സുരക്ഷ കാരണങ്ങളാൽ ആശുപത്രിയുടെ ഗേറ്റ് മുതൽ റോഡിന്റെ ഇങ്ങേ അറ്റം വരെ പൊലീസ് 'നോ പാർക്കിങ്ങ് ബോർഡ് 'സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വക വെക്കാതെയാണ് ചിലർ ഇവിടെ കയ്യടക്കുന്നതും.ഇതേ തുടർന്ന് ആശുപത്രിയിലേക്ക് എത്തുന്ന വാഹനങ്ങളും റോഡിൽ കുരുങ്ങുകയാണ്.