ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമാകുന്നു: ജില്ലാ കലക്ടര്‍

New Update

publive-image

ഇടുക്കി: വിവിധ മേഖലയിലുള്ള അന്‍പത് പേരെ ആദരിച്ച് ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 26 ന് തുടക്കം കുറിക്കുമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ഇതു സംബന്ധിച്ച് ചേര്‍ന്ന പ്രാരംഭവട്ട ഓണ്‍ലൈന്‍ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

Advertisment

ജനുവരി 25 വരെയുള്ള ഒരു മാസത്തെ ആഘോഷങ്ങളോടൊപ്പം ജില്ലാ രൂപീകരണ ദിനമായ ജനുവരി 26 മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സര്‍വ്വ തല ആഘോഷങ്ങളാണ് വിഭാവനം ചെയ്യുന്നത്. ജില്ലയുടെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന തനത് കലാ-കായിക വിനോദങ്ങള്‍ സംഘടിപ്പിക്കും.

ജില്ലയില്‍ പുരോഗമിക്കുന്ന ജനക്ഷേമ പദ്ധതികളും ഉടന്‍ ആരംഭിക്കാനിരിക്കുന്ന വികസന പദ്ധതികളും ജൂബിലി കാലയളവില്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ വകുപ്പുകളും, തദ്ദേശ ഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ സംബന്ധിച്ച വകുപ്പ് ജില്ലാ മേധാവികളെ ഓര്‍മ്മിപ്പിച്ചു.

ജില്ലയുടെ ചുമതലയുള്ള മന്ത്രിയേയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വിപുലമായ ആലോചനാ യോഗം ചേര്‍ന്ന് ആഘോഷപരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. എഡിഎം ഷൈജു പി. ജേക്കബിനാണ് ജൂബിലി ആഘോഷങ്ങളുടെ ഏകോപന ചുമതല. വിവധ വകുപ്പ്് ജില്ലാ തല മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു.

Advertisment