/sathyam/media/post_attachments/wOmeEN6nUyVRwTyJNTDt.jpg)
മുട്ടം: ഐ എസ് ഒ പദവി ലഭിച്ച മുട്ടം പൊലീസ് സ്റ്റേഷന് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് കൈമാറി. സ്റ്റേഷൻ പരിസരത്ത് ചേർന്ന യോഗത്തിൽ എറണാകുളം ഡി ഐ ജി നീരജ് കുമാർ ഗുപ്തയാണ് ഐ എസ് ഒ സർട്ടിഫിക്കറ്റ് കൈമാറിയത്. ഐ എസ് ഒ പദവി ലഭിച്ച ജില്ലയിലെ ആദ്യ പൊലീസ് സ്റ്റേഷൻ എന്ന പദവിയും ഇതോടെ മുട്ടം സ്റ്റേഷന് ലഭിച്ചു.
സ്റ്റേഷനിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്ന ഏറ്റവും മികച്ച സേവനങ്ങൾ മുൻനിർത്തിയാണ് ഐ.എസ്.ഒ. പദവിയുടെ ഗ്രേഡിലേക്ക് ഉയർന്നത്. ഇതിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളും പരിഷ്കാരങ്ങളുമാണ് സ്റ്റേഷനിൽ നടപ്പാക്കിയത്. ഫലപ്രദമായ രീതിയിൽ കുറ്റകൃത്യം തടയുന്നതിനുള്ള പ്രവർത്തനങ്ങളും കുറ്റാന്വേഷണവും നടത്തി ക്രമസമാധാന പാലനം നടത്തുന്നതിലൂടെ പൊതുജന സമാധാനം ഉറപ്പുവരുത്തലാണ് ഇതിൽ ഏറ്റവും പ്രധാനം.
സ്റ്റേഷനിൽ നടപ്പാക്കിയിരിക്കുന്ന മികച്ച സേവനങ്ങൾ
സേനാംഗങ്ങൾക്കായി ഏറ്റവും പുതിയ ആയുധങ്ങൾ, പോലീസുകാർക്കും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കുമായി ഒരുക്കിയിട്ടുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം, പോലീസ് സ്റ്റേഷനിലും കോമ്പൗണ്ടിലും നടപ്പാക്കിയിട്ടുള്ള ഗ്രീൻ പ്രോട്ടോകോൾ സംവിധാനം, അത്യാകർഷകവും പൊതുജന സൗഹൃദപരമായ സ്റ്റേഷൻ പരിസരം, സ്റ്റേഷനിൽ ക്രമീകരിച്ചിട്ടുള്ള വിവിധ സുരക്ഷാ ഉപകരണങ്ങൾ, മികച്ച ശുചീകരണ സംവിധാനങ്ങൾ, സ്റ്റേഷനിലെ വിവിധ റെക്കോർഡുകളുടെ ഉചിതവും അനുകരണീയ രീതിയിലുമുള്ള സംരക്ഷണം, പൊതുജനങ്ങളുടെ പരാതികൾക്ക് ഏറ്റവും നല്ല രീതിയിലും കാലതാമസം കൂടാതെയും ഉള്ള പരിഹാരം, സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനുള്ള സൗകര്യം, വിശാലമായ പാർക്കിംഗ് ഏരിയ, വായനാ സൗകര്യം, ആഴ്ചതോറും സ്കൂൾ - കോളേജുകൾ എന്നിവിടങ്ങളിൽ നടത്തുന്ന വിദ്യാർഥികളും പോലീസും തമ്മിലുള്ള ആശയ വിനിമയം, മുട്ടം ടൗണിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതി ജംഗ്ഷൻ മുതലായ സ്ഥലങ്ങളിലുള്ള പോലീസിൻ്റെ സാന്നിധ്യം, ട്രാഫിക് നിയന്ത്രണം, കുട്ടികൾക്കായി സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള കളിസ്ഥലം, പോലീസ് ഉദ്യോഗസ്ഥർക്കായി നടപ്പാക്കിയിരിക്കുന്ന റിഫ്രഷ്മെൻ്റ് ഏരിയ, സ്റ്റേഷൻ കോമ്പൗണ്ടിലെ ഔഷധ സസ്യങ്ങളുടെ തോട്ടം, കളർ കോഡ് പ്രകാരം ക്രമീകരിച്ചിട്ടുള്ള ഫയൽ റൂം, സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള തൊണ്ടിമുതലുകളിലും വാഹനങ്ങളിലും ക്യു.ആർ കോഡ് പതിപ്പിച്ച് ക്രമീകരിക്കൽ, ടാക്സി ഡ്രൈവേഴ്സിനും മറ്റും ബോധവൽക്കരണ ക്ലാസുകൾ, നിരന്തര ഗൃഹസന്ദർശനം നടത്തുന്ന ജനമൈത്രി പോലീസ് സംവിധാനം, ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ വകുപ്പുമായി ചേർന്ന് ഷാർപ്പ് പദ്ധതിയിൽപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർക്ക് ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ആരോഗ്യ പരിശോധനയും എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങളാണ് സ്റ്റേഷനിൽ നടപ്പാക്കിയിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, തൊടുപുഴ ഡി വൈ എസ് പി കെ സദൻ, സി ഐ വി ശിവകുമാർ, ഐ എസ് ഒ പ്രതിനിധി ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, എസ് ഐ പി കെ ഷാജഹാൻ, വാർഡ് മെമ്പർ അരുൺ ചെറിയാൻ, കെ പി ഒ എ ജില്ലാ സെക്രട്ടറി പി കെ ബൈജു, കെ പി എ ജില്ലാ സെക്രട്ടറി മനോജ് കുമാർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ എന്നിവർ ഉദ്‌ഘാടന യോഗത്തിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us