വിടപറഞ്ഞത് ലൂണാര്‍ ചപ്പലിനെ തൊടുപുഴയില്‍ നിന്നും ലോകമെങ്ങും എത്തിച്ച പ്രതിഭാശാലി... 

New Update

publive-image

തൊടുപുഴ:തൊടുപുഴ മുതൽ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ലൂണാറിന്റെ സാരഥി ഐസക് ജോസഫ് വിടപറഞ്ഞു .1975 കാലഘട്ടത്തിൽ കാർഷിക ജില്ലയായ ഇടുക്കിയിൽ ഒരു ചെറുകിട സംരംഭം തുടങ്ങുവാൻ ധൈര്യം കാണിച്ച വ്യവസായിയെയാണ് നാടിനു നഷ്ടമായത്.

Advertisment

ചെറുകിട വ്യവസായമായി ആരംഭിച്ചു വൻകിട വ്യവസായമായി ലൂണാറിനെ വളർത്തിയ ചരിത്രമാണ് ഐസക് ജോസെഫിന്‍റെത്. അനുഭവങ്ങളിൽ നിന്ന് ഊർജവും തകർച്ചകളിൽ നിന്ന് പാഠവും ഉൾകൊണ്ട് ബിസിനസ് വിജയത്തിലേക്ക് ഉയർന്ന വ്യക്തിയാണ് ലൂണാർ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനും ലൂണാർ റബേഴ്സിന്റെ മാനേജിങ് ഡയറക്ടറുമായ ഐസക് ജോസഫ്.

സത്യസന്ധനായ സർക്കാർ ഉദ്യോഗസ്ഥൻ എന്ന് പേരെടുത്ത പിതാവ് തലയനാട് കൊട്ടുകാപ്പിള്ളി പുതുമന വീട്ടിലെ ഡോ. ജോസഫിന് തന്റെ പന്ത്രണ്ട് മക്കളിൽ ആരും ഉദ്യോഗസ്ഥരാകുന്നത് ഇഷ്ടമായിരുന്നില്ല. പിതാവിന്റെ ആഗ്രഹം പോലെ തന്നെ ആരും ഉദ്യോഗത്തിനു പോയില്ല.

പാലക്കാടു എൻ.എസ്.എസ് എൻജിനീയറിങ് കോളേജിൽ നിന്ന് 1970 ൽ മെക്കാനിക്കൽ വിഭാഗത്തിൽ ബിരുദമെടുത്ത ഐസക് ഒരു കൊല്ലക്കാലം ബോംബയിൽ പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ ജോലി നോക്കി. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം തൊടുപുഴ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ വൈക്കിങ് റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അആരംഭിച്ചു.

വ്യവസായത്തെക്കുറിച്ചുള്ള അജ്ഞതയും പരിചയക്കുറവും മൂലം ആദ്യ വർഷങ്ങളിൽ നഷ്ടമാണ് ഉണ്ടായത്. എന്നാൽ നിരന്തരമായ പഠനവും വിദഗ്ദ്ധരുമായുള്ള സമ്പർക്കവും ക്രമേണ ബിസിനസിനെ പുരോഗതിയുടെ ദിശയിലേക്കു നയിച്ചു.

ലൂണാർ റബേഴ്സിന്റെ ജനനം 1982 ലായിരുന്നു. ഉന്നത ഗുണമേന്മ, അതിനൊത്ത വില, ശക്തമായ വിപണന സംവിധാനം, ആകർഷകമായ ഡിസൈനുകൾ, പരസ്യങ്ങളുടെ പിന്തുണ - ലൂണാർ കേരളം ജനതയ്ക്കു പരിചിത നാമമായി മാറാൻ ഏറെക്കാലം വേണ്ടിവന്നില്ല. ലൂണാറിനെ മുൻ നിരയിൽ എത്തിച്ച സംതൃപ്തിയിലാണ് ഐസക് ജോസഫ് വിടപറയുന്നത്.

ബിസിനസിനൊപ്പം വിവിധ എം.ബി.എ, എൻജിനീയറിങ് കോളേജുകളിൽ ഫാക്കൽറ്റിയായും പ്രവർത്തിച്ചിരുന്നു. കേരള സർക്കാരിന്റെ മികച്ച വ്യവസായ സംരംഭകനുള്ള പുരസ്ക്കാരം, ബിസിനസ് എക്സലൻസ് അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട് .

മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെയും ജീവൻ ടിവിയുടെയും ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. കേരള ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കുളമാവ് ഗ്രീൻബെർഗ് ഹോളിഡേ റിസോർട്ടിന്റെ മാനേജിങ് ഡയറക്ടറുമാണ്.

കൊട്ടുകാപ്പിള്ളി ഡോ. ജോസഫ്-റോസമ്മ ദമ്പതികളുടെ മകനായി 1946 ജൂൺ രണ്ടിനാണ് ജനനം. ഭാര്യ: മേരിയമ്മ കാഞ്ഞിരപ്പിള്ളി നടയ്ക്കൽ കുടുംബാംഗം. മക്കൾ: ജൂബി ഐസക്, ജൂലി, ജെസ് ഐസക്. മരുമക്കൾ: ടീന, പള്ളിവാതുക്കൽ (കാഞ്ഞിരപ്പിള്ളി), സിബിൽ ജോസ്, തരകൻ (തൃശൂർ), മരിയ, ആലപ്പാട്ട്‌ മേച്ചേരിൽ (ഒല്ലൂർ).

സംസ്ക്കാര ശുശ്രൂഷകൾ 31 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 .30 നു തൊടുപുഴ ഒളമറ്റത്തുള്ള വസതിയിൽ ആരംഭിച്ച് പൊന്നംതാനം സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ. ഭൗതിക ശരീരം ഞായർ വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

Advertisment