ഇടുക്കി: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററിന് തീപിടിച്ചു. ആറാം നമ്പർ ജനറേറ്ററിനാണ് തീപിടിച്ചത്.ഇന്നലെ വൈകുന്നേരത്തോടെയാണ് ജനറേറ്ററിന് തീപിടിച്ചത്.എല്ലാ മാസവും ജനറേറ്ററിന്റെ അറ്റകുറ്റ പണികൾ നടക്കാറുണ്ട്.
ഈ രീതിയിൽ കഴിഞ്ഞ മാസത്തെ അറ്റകുറ്റ പണികൾക്കും പരിശോധനയ്‌ക്കും ശേഷം ജനറേറ്റർ ഓൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായതിന് പിന്നാലെ കണക്ഷനുകൾ വിച്ഛേദിച്ചത് കാരണം വൻ ദുരന്തം ഒഴിവായി.
ജനറേറ്റർ തകരാറിലായതോടെ വൈദ്യുത ഉൽപ്പാദനത്തിൽ കുറവ് ഉണ്ടാകുമോ എന്നാണ് ആശങ്ക. ശബരിഗിര ജലവൈദ്യുത പദ്ധതിയിൽ ആറ് ജനറേറ്ററുകളാണ് ഉള്ളത്. ഓരോ ജനറേറ്ററിൽ നിന്നും അൻപത് മെഗാവാട്ട് ആണ് പ്രതിദിന ഉൽപ്പാദനശേഷി.
ആറാം നമ്പർ ജനറേറ്റർ തകരാറിലായതോടുകൂടി ഏകദേശം അൻപത് മുതൽ അറുപത് വരെ മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം കുറയുമെന്നാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ വിലയിരുത്തൽ. തകരാറിലായ ജനറേറ്റർ എഞ്ചിനീയർമാർ പരിശോധിച്ചു വരികയാണ്. അറ്റകുറ്റ പണികൾ വേഗത്തിലാക്കി ജനറേറ്റർ വേഗത്തിൽ പ്രവർത്തനക്ഷമമാക്കാനാണ് ശ്രമം.