തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സമ്പാദ്യപദ്ധതിയായ പച്ചക്കുടുക്കയുടെ 2022-23 വർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലായ് 26 നു ചൊവ്വാഴ്ച്ച രാവിലെ 9.30 നു സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. വീടുകളിൽ മിച്ചം വരുന്നതും പാഴായി പോകുന്നതുമായ പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയ കാർഷികോത്പന്നങ്ങൾ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു സംഭരിക്കുകയും അതിന്റെ വില കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുന്നതുമാണ് പദ്ധതി.
ഇടുക്കി ജില്ലയിലെ 20 സ്‌കൂളുകളിലും ഈ വർഷം മുതൽ എറണാകുളം ജില്ലയിലെ 20 സ്‌കൂളുകളിലും കോട്ടയം ജില്ലയിലെ 5 സ്‌കൂളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്‌കൂളുകളിലും 50 വീതം കുട്ടികൾ എന്ന രീതിയിൽ 2250 കുട്ടികൾ പദ്ധതിയിൽ ഉൾപ്പെടും. സാധാരണ പച്ചക്കറികൾ കൂടാതെ കറിവേപ്പില, മുരിങ്ങയില, മത്തയില, തഴുതാമയില, വാഴപ്പിണ്ടി, വാഴച്ചുണ്ട്, മുട്ടപ്പഴം,മൂട്ടിപ്പഴം,അമ്പഴങ്ങാ,പപ്പായ, വമ്പിളി നാരങ്ങാ, ഒടിച്ചുകുത്തി നാരങ്ങാ, അത്തിപ്പഴം,ഞാവൽ പഴം, പൂച്ചപ്പഴം, ചീരച്ചേമ്പ് ,നെയ്ക്കുമ്പളം, ഇലുമ്പൻ പുളി,നിത്യ വഴുതന,ആകാശ വെള്ളരി തുടങ്ങിയ വിപണന സാധ്യതയില്ലാത്തതും പോഷകമൂല്യമുള്ളതുമായ 100 ഓളം ഉത്പന്നങ്ങളാണ് ശേഖരിക്കുന്നത്.
ഒരു കുട്ടിക്ക് പ്രതിവർഷം 4000 രൂപ എന്ന നിരക്കിൽ 2250 കുട്ടികൾക്കായി 90 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിട്ടുള്ളത്.സംഭരിക്കുന്ന ഉത്പന്നങ്ങൾ ഉച്ചകഴിഞ്ഞു 2 മണി മുതൽ തൊടുപുഴ എറണാകുളം എന്നിവിടങ്ങളിലെ കാഡ്‌സ് മാർക്കറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.
പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയിൽ പുതുതലമുറക്ക് താത്പര്യം കുറയുന്ന പശ്ചാത്തലത്തിലാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്.
പദ്ധതി നടപ്പാക്കുന്നതിലൂടെ കുട്ടികൾക്ക് കൃഷിയിൽ താത്പര്യവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനും സമ്പാദ്യശീലം രൂപപെടുന്നതിനും പ്രകൃതിയുമായി അടുത്തിടപഴകുന്നതിനും പാഴായി പോകുന്ന കാർഷികോത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും കഴിയും .വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തുടങ്ങനാട് സെന്റ് .തോമസ് ഹൈസ്‌ക്കൂളിൽ നടക്കുന്ന സംസ്ഥാനതല ഉത്‌ഘാടന യോഗത്തിൽ സ്‌കൂൾ മാനേജർ ഫാ:.തോമസ് പുല്ലാട്ട് അധ്യക്ഷത വഹിക്കും, സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്‌ഘാടനം നിർവഹിക്കും കെ ജി ആൻറണി കണ്ടിരിക്കൽ (കാഡ്‌സ് ചെയർമാൻ) ആമുഖപ്രഭാഷണം നടത്തും , മുട്ടം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഷൈജാ ജോമോൻ ,ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ സി വി സുനിത ,തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ് ,തുടങ്ങനാട് എസ്.സി.ബി പ്രസിഡന്റ് സിബി ജോസ് കൊടുങ്കയം ,തുടങ്ങനാട് എസ്.സി.ബി സെക്രട്ടറി ബെന്നി മാത്യു ,പി ടി എ പ്രസിഡന്റ് ബെന്നി പാറേക്കാട്ടിൽ,സ്റ്റാഫ് പ്രതിനിധി ജിമ്മി മറ്റത്തിപ്പാറ കാഡ്‌സ് ഡയറക്ടർ കെ എം മത്തച്ചൻ, ലിന്റാ എസ് പുതിയാപറമ്പിൽ(ഹെഡ്മിസ്ട്രസ്) എന്നിവർ യോഗത്തിൽ ആശംസകൾ നേരും.
പത്രസമ്മേളനത്തിൽ കാഡ്‌സ് ചെയർമാൻ കെ ജി ആൻറണി കണ്ടിരിക്കൽ, കാഡ്‌സ് സെക്രട്ടറി കെ വി ജോസ് ,കാഡ്‌സ് ഡയറക്ടർമാരായ കെ എം മത്തച്ചൻ,ജേക്കബ് മാത്യു,കെ എം ജോസ് എന്നിവർ പങ്കെടുത്തു,