/sathyam/media/post_attachments/nS6zMJq7VS89J9sgibtL.jpg)
തൊടുപുഴ: കുട്ടികൾക്ക് കാർഷികവൃത്തിയോട് ആഭിമുഖ്യം വളർത്താനുതകുന്ന കാഡ്‌സ് പച്ചക്കുടുക്ക പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്നതിന് കൃഷി മന്ത്രിയുമായി ആലോചിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ പ്രസ്‌താവിച്ചു.
കാഡ്‌സ് പച്ചക്കുടുക്കയുടെ സംസ്ഥാനതല ഉദ്ഘാടനം തുടങ്ങനാട് സെൻറ്.തോമസ് ഹൈസ്ക്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുകൂലമായ ഭൗതിക സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും പച്ചക്കറികൾക്കും, പഴവർഗങ്ങൾക്കും, മുട്ടക്കും, അരിക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന്റെ ദുഃഖകരമായ അവസ്ഥക്ക് മാറ്റം വരണം.
പുതിയ തലമുറയിൽ കാർഷികാഭിമുഖ്യം വർദ്ധിപ്പിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. അതിനു ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് കാഡ്‌സ് പച്ചക്കുടുക്കയെന്നു മന്ത്രി അഭിപ്രായപ്പെട്ടു. 2018 ൽ പദ്ധതിക്ക് തുടക്കം കുറിക്കുകയും ഉയർന്ന നേട്ടം കൈവരിക്കുകയും ചെയ്‌ത തുടങ്ങനാട് സെൻറ്.തോമസ് ഹൈസ്കൂളിനെ അദ്ദേഹം അഭിനന്ദിച്ചു.
100 കണക്കിന് നാടൻ വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ വേദിയുടെ പശ്ചാതലത്തിൽ വാഴപിണ്ടിയിൽ ഒരുക്കിയ വിളക്കിൽ മൺചിരാതു തെളിച്ചും കുട്ടികളുടെ കയ്യിൽ നിന്നും കാർഷികവിഭവങ്ങൾ എറ്റു വാങ്ങിയും പദ്ധതിയുടെ ഉത്‌ഘാടനം മന്ത്രി നിർവഹിച്ചു. സ്ക്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.എബിൻ കക്കാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഡ്‌സ് ചെയർമാൻ ആൻറണി കണ്ടിരിക്കൽ ആമുഖ പ്രഭാഷണം നടത്തി.
മുട്ടം ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്‌സി ദേവസ്യ ,തുടങ്ങനാട് സഹകരണ ബാങ്ക് സെക്രട്ടറി ബെന്നി മാത്യു ,പി ടി എ പ്രസിഡന്റ് ബെന്നി പാറേക്കാട്ടിൽ,ജിമ്മി മറ്റത്തിപ്പാറ, എം പി ടി എ പ്രസിഡന്റ് ഷീജ സ്‌റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു സ്‌കൂൾ ഹെഡ്മിസ്ട്രെസ് ലിന്റാ എസ് പുതിയാപറമ്പിൽ സ്വാഗതവും കാഡ്‌സ് പച്ചക്കുടുക്ക കോ ഓർഡിനേറ്റർ കെ എം മത്തച്ചൻ നന്ദിയും പറഞ്ഞു.
ഉത്‌ഘാടനദിവസത്തിൽ തുടങ്ങനാട് സെൻറ്. തോമസ് ഹൈസ്ക്കൂളിലെ 116 വിദ്യാർത്ഥികളിൽ നിന്നായി 10162 രൂപക്കുള്ള 46 ഓളം കാർഷിക വിഭവങ്ങളാണ് സംഭരിച്ചത്.സംഭരിച്ച ഉത്പന്നങ്ങൾ തൊടുപുഴ കാഡ്‌സിലും വെങ്ങല്ലൂർ ബൈപാസിലെ കാഡ്‌സ് വില്ലേജ് സ്‌ക്വയറിലും പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലൂടെ ലഭ്യമാണ്.