/sathyam/media/post_attachments/FaaHtxKZncYdNU8DZqun.jpg)
നെയ്യശ്ശേരി: അധ്യാപകൻ എന്നതിനൊപ്പം പൊതുപ്രവർത്തനവും നടത്തി നാടുമായി ഏറെ അടുപ്പമുണ്ടായിരുന്ന നെയ്യശ്ശേരിക്കാരുടെ പി.സി ജോസ് സാർ ഓർമ്മയായി. സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിൽ അധ്യാപകനായി പ്രവർത്തിച്ച പണിക്കപറമ്പിൽ പി.സി ജോസഫ് ഗുരുനാഥൻ എന്നതിനൊപ്പം നാട്ടുകാരുടെ വിവിധ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു.
സ്കൂളിലെ പുസ്തക വിതരണത്തിന്റെ ചുമതല വഹിച്ചിരുന്നതിനാൽ എല്ലാ രക്ഷിതാക്കളുമായും അടുപ്പവും പരിചയവും ഉണ്ടായിരുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും വ്യക്തിപരമായി അറിയുന്നു എന്നത് രക്ഷകര്താക്കൾക്കും ഉപകാരമായിരുന്നു. സ്കൂളിൽ വിദ്യാർഥികൾ തെറ്റ് ചെയ്യുകയോ വരാതിരിക്കുകയോ ചെയ്താൽ പലപ്പോഴും അത് രക്ഷിതാക്കളെ അറിയിച്ചിരുന്നത് ജോസ് സാറായിരുന്നു.
സ്കൂൾ വിട്ടു മടങ്ങുമ്പോൾ കുസൃതിക്കാരായ വിദ്യാർത്ഥികളുടെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിക്കും എന്നതൊക്കെ ഇപ്പോഴത്തെ അധ്യാപകർക്ക് ഒരു അത്ഭുതമായിരിക്കും. കേരള കോൺഗ്രസ് പ്രവർത്തനവും അദ്ദേഹം നടത്തിയിരുന്നു. കെ.എം മാണിയോടോപ്പവും പി.ജെ ജോസെഫിനൊപ്പവും പല കാലഘട്ടങ്ങളിലായി കരിമണ്ണൂർ മണ്ഡലം പ്രെസിഡന്റായി പ്രവർത്തിച്ചിരുന്നു.
ഏതാനും വര്ഷം മുൻപ് പൊതു പ്രവർത്തനത്തിൽ നിന്നും മാറുമ്പോൾ കേരള കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു. കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. നാടറിയുന്ന, നാട്ടുകാരെ അറിയുന്ന ഒരു അധ്യാപകനും പൊതു പ്രവർത്തകനുമാണ് ഓർമ്മയായത്. സംസ്ക്കാരം ഇന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ നടക്കും.