തെലങ്കാനയിൽ പീഡനക്കേസ് പ്രതിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; ഏഴ് സാക്ഷികളെ നിരത്തി അന്വേഷണ സംഘം

New Update

publive-image

Advertisment

ഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗ-കൊലപാതക കേസ് പ്രതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പോലീസ്. പ്രതിയുടെ മരണത്തിൽ ആരും ഊഹാപോഹങ്ങൾ കെട്ടിച്ചമക്കേണ്ട കാര്യമില്ല. പ്രതി ആത്മഹത്യ ചെയ്തതാണെന്ന് 100 ശതമാനം വ്യക്തമാണ്.

സംഭവത്തിൽ ഏഴ് ദൃസാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആർക്കും ഇക്കാര്യത്തിൽ നുണ പരത്തേണ്ട ആവശ്യമില്ലെന്നും ഡിജിപി എം. മഹേന്ദർ റെഡ്ഡി വ്യക്തമാക്കി. രണ്ട് ലോക്കോ പൈലറ്റുമാർ, രണ്ട് കർഷകർ, രണ്ട് റെയിൽവേ ജീവനക്കാർ, ഘാൻപൂർ സ്റ്റേഷൻ മാസ്റ്റർ എന്നിവരാണ് പ്രധാന സാക്ഷികൾ.

പ്രതി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് കണ്ട ലോക്കോ പൈലറ്റുമാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതായും പോലീസ് അറിയിച്ചു. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ജംഗൗൻ ജില്ലയിലെ റെയിൽവേ ട്രാക്കിൽ വ്യാഴാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതോടെ കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ വിശദീകരണവുമായി പോലീസ് രംഗത്തെത്തിയത്. സെപ്റ്റംബർ ഒമ്പതിന് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് ശേഷം പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

ഇതേസമയം പ്രതിയെ കണ്ടെത്തിയാൽ എൻകൗണ്ടറിലൂടെ വകവരുത്തുമെന്ന് തെലങ്കാന തൊഴിൽ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് അതിരൂക്ഷമായ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. പിന്നാലെ പ്രതിയെ റെയിൽവേ ട്രാക്കിൽ മരിച്ചതായി കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചു.

പ്രതിയുടെ മരണം പോലീസ് എഴുതി തയ്യാറാക്കിയ തിരക്കഥയാണെന്ന വാദങ്ങളാണ് പിന്നീട് ഉയർന്നത്. പ്രതിയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന സാക്ഷിമൊഴികളോടെ പോലീസ് രംഗത്തെത്തിയ പശ്ചാത്തലത്തിൽ കേസ് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.

NEWS
Advertisment