1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു ടാറ്റ. 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ട്രസ്റ്റ്‌സ് എന്ന ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനായിരുന്നു അദ്ദേഹം. മാത്രവുമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലും മനുഷ്യസ്‌നേഹികളിലും ഒരാളാണ് രത്തൻ ടാറ്റ. എന്നിട്ടും സമ്പന്നരുടെ പട്ടികയിൽ വളരെ താഴെയാണ് ടാറ്റ. എന്തുകൊണ്ടാണിത്. പരിശോധിക്കാം….
ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 പ്രകാരം രത്തൻ ടാറ്റയേക്കാൾ സമ്പന്നരായ 432 ഇന്ത്യക്കാരാണുള്ളത്. ആറ് പതിറ്റാണ്ടോളം ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യങ്ങളിൽ ഒന്നിനെ നയിച്ചിരുന്ന ഒരു വ്യക്തി ഇപ്പോഴും അതിന്റെ കമ്പനികളിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തി, ഏറ്റവും മികച്ച 10 അല്ലെങ്കിൽ 20 സമ്പന്നരായ ഇന്ത്യക്കാരിൽ ഒരാളായി ഉൾപ്പെടുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. പക്ഷെ ആദ്യത്തെ നൂറ് സമ്പന്നരിൽ പോലും ടാറ്റ ഇല്ല. ഇതിന് കാരണം ഒരു പക്ഷെ ടാറ്റ ട്രസ്റ്റുകളിലൂടെ ടാറ്റ കമ്പനി ചെയ്യുന്ന വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളായിരിക്കാം.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും നൽകിയ കരുത്തും അത്ര ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ഏറ്റവുമൊടുവിൽ എയർ ഇന്ത്യ ടാറ്റയ്ക്ക് കിട്ടിയപ്പോൾ ഇന്ത്യൻ ജനത കയ്യടിച്ചതും. ഏകദേശം വ്യക്തിഗത ആസ്തിയായി 7400 കോടിയുണ്ടായിട്ടും അതിസമ്പന്നപ്പട്ടികയിൽ രത്തൻ ടാറ്റയില്ല ഏറെ ആശ്ചര്യജനകം തന്നെയാണ്.
അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 66 ശതമാനവും ചാരിറ്റി പ്രവർത്തനങ്ങള്‍ക്കാണ് രത്തൻ ടാറ്റ ഉപയോഗിക്കുന്നത്. അത് ഇന്ന് മാത്രമല്ല ടാറ്റാഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ജെ.ആര്‍.ഡിയുടെ കാലം മുതൽ ഇങ്ങനെ തന്നെയായിരുന്നു. 2021ലെ ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 433-ാം സ്ഥാനമായിരുന്നു. അതിനുമുമ്പുള്ള വർഷങ്ങളിൽ പട്ടികയിൽ ടാറ്റയുടെ സമ്പത്ത് 6,000 കോടി രൂപയുമായി 198-ാം സ്ഥാനത്തായിരുന്നു. രത്തൻ ടാറ്റയുടെ വരുമാനത്തിന്റെ സിംഹഭാഗവും ടാറ്റ സൺസിൽ നിന്നാണ്.
ഇന്ത്യയിലേറ്റവും ധനികനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവും മൂല്യമുള്ള കമ്പനിയെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ സാമ്പത്തിക വിദഗ്ധരുടെ അനുമാനത്തില്‍ രത്തന്‍ ടാറ്റയുടെ ടാറ്റ ഗ്രൂപ്പ് തന്നെയാണ് ഏറ്റവും സമ്പന്നമെന്നാണ് വിലയിരുത്തൽ. 1868ല്‍ സ്ഥാപിതമായ ഇന്ത്യയിലേ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണ് ടാറ്റ ഗ്രൂപ്പ്.
ആറ് ഭൂഖണ്ഡങ്ങളിലായി 100 ഓളം രാജ്യങ്ങളിൽ ടാറ്റ ഗ്രൂപ്പ് പ്രവര്‍ത്തിക്കുകയും പുറമെ 150 ലേറെ രാജ്യങ്ങളിലായി ടാറ്റയുടെ ഉത്പന്നങ്ങളും സേവനങ്ങളുമെത്തുന്നുണ്ട്. കമ്പനിയുടെ 66 ശതമാനം ഓഹരി മൂലധനം തലമുറകളിലായി ടാറ്റാ കുടുംബത്തിലെ അംഗങ്ങള്‍ തുടങ്ങിവെച്ച പതിനഞ്ച് ജീവകാരുണ്യ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്. അതിലൂടെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ നയം വ്യക്തമാണ്. തങ്ങളുടെ വളർച്ചയ്‌ക്കൊപ്പം എന്നും ജനങ്ങൾക്ക് നേരെയും ടാറ്റ ഗ്രൂപ്പ് സഹായഹസ്തങ്ങൾ നീട്ടിയിരുന്നു.