പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് ജ്വല്ലറി. സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറിയാണ് പ്രധാനമന്ത്രിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ചത്. 156 ഗ്രാം ആണ് പ്രതിമയുടെ ഭാരം. 18 കാരറ്റ് സ്വർണ്ണത്തിലാണ് പ്രതിമ നിർമ്മിച്ചത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന്റെ സ്മരണാർത്ഥമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ചതെന്ന് ജ്വല്ലറി ഉടമയായ ബസന്ത് ബോറ അറിയിച്ചു. പ്രതിമ വാങ്ങാൻ താത്പര്യപ്പെട്ട് പലരും സമീപിച്ചിരുന്നുവെന്നും എന്നാൽ, താൻ ഇത് വിൽക്കാൻ ഇതുവരെ തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
20 കരകൗശല വിദഗ്ധർ മൂന്ന് മാസമെടുത്താണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പ്രതിമ നിർമ്മാണത്തിനായി ഉപയോഗിച്ചത്. 156 സീറ്റുകളാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. അതിനാലാണ് പ്രതിമയുടെ ഭാരം 156 ഗ്രാമാക്കിയത്.