Advertisment

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാവുന്ന ആദ്യ നേതാവല്ല രാഹുൽ ഗാന്ധി. മുൻഗാമികളായി ജയലളിത മുതൽ ലാലു പ്രസാദ് വരെ. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനും കിട്ടി അയോഗ്യത. നേതാക്കൾക്ക് അയോഗ്യത കിട്ടിയത് അനധികൃത സ്വത്ത് സമ്പാദനം മുതൽ കലാപം വരെയുള്ള കേസുകളിൽ. രാജ്യത്ത് ശിക്ഷിക്കപ്പെട്ട് അയോഗ്യരായ നേതാക്കളുടെ ചരിത്രം അറിയാം.

New Update

ഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാവുന്ന ആദ്യ നേതാവല്ല രാഹുൽ ഗാന്ധി. അദ്ദേഹത്തിന് മുൻഗാമികളായി ജയലളിത മുതൽ ലാലു പ്രസാദ് വരെയുണ്ട്. രാഹുലിന് വാവിട്ട പ്രസംഗത്തിന്റെ പേരിലാണ് അയോഗ്യതയെങ്കിൽ മറ്റ് നേതാക്കൾക്ക് അയോഗ്യത കിട്ടിയത് അനധികൃത സ്വത്ത് സമ്പാദനം മുതൽ കലാപം വരെയുള്ള കേസുകളിലാണ്. രാഹുൽ ഗാന്ധിക്ക് നേരിട്ടതുപോലെ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട് അയോഗ്യരായവരിൽ ആർ.ജെ.ഡി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം നിരവധി നേതാക്കളുണ്ട്.

Advertisment

publive-image

കാലിത്തീറ്റ കുംഭകോണക്കേസിൽ 2013 സെപ്തംബറിൽ ശിക്ഷിക്കപ്പെട്ടപ്പോഴാണ് ബീഹാർ സരൺ എംപിയായിരുന്ന ലാലു ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട അണ്ണാ ഡി.എം.കെ അദ്ധ്യക്ഷയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ അന്തരിച്ച ജെ ജയലളിതയെ 2014 സെപ്തംബറിൽ തമിഴ്നാട് നിയമസഭയിൽ നിന്ന് അയോഗ്യയാക്കി. ആ സമയത്ത് മുഖ്യമന്ത്രിയായിരുന്ന അവർക്ക് രാജിവയ്ക്കേണ്ടിവന്നു.

വധശ്രമക്കേസുമായി ബന്ധപ്പെട്ട് 2023 ജനുവരിയിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടപ്പോഴാണ് എൻ.സി.പി നേതാവായ പി പി മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. പിന്നീട് കേരള ഹൈക്കോടതി കുറ്റവും ശിക്ഷയും റദ്ദാക്കിയെങ്കിലും അയോഗ്യത സംബന്ധിച്ച ഉത്തരവ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതുവരെ പിൻവലിച്ചിട്ടില്ല. 2019 ലെ വിദ്വേഷ പ്രസംഗ കേസിൽ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതോടെ 2022 ഒക്ടോബറിൽ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അസം ഖാനെ അയോഗ്യനാക്കി. തുടർന്ന് രാംപൂർ സദറിൽ ഉപതിരഞ്ഞെടുപ്പ് നടന്നു.

എയർ ഇന്ത്യയുടെ വ്യാജ ഇ-ടിക്കറ്റുകൾ ഉപയോഗിച്ച് യാത്രാ അലവൻസ് നേടാൻ ശ്രമിച്ച കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആർ.ജെ.ഡി നേതാവ് അനിൽ കുമാർ സാഹ്നിയെ ഇക്കഴിഞ്ഞ ഒക്‌ടോബറിൽ ബിഹാർ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. 2013-ലെ മുസാഫർനഗർ കലാപക്കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി എം.എൽ.എയാണ് വിക്രം സിംഗ് സൈനി. 2022 ഒക്ടോബറിൽ ഖത്തൗലി എം.എൽ.എ സ്ഥാനം നഷ്‌ടമായി.

ആക്രമണ കേസിൽ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടപ്പോൾ 2021 ജനുവരിയിൽ അയോഗ്യനായ ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എയാണ് പ്രദീപ് ചൗധരി. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2020 ഫെബ്രുവരിയിൽ അയോഗ്യനായ ബി.ജെ.പി നേതാവാണ് കുൽദീപ് സിംഗ് സെൻഗാർ. ഉന്നാവോയിലെ ബംഗർമൗ മണ്ഡലത്തിലെ എ.എൽ.എയായിരുന്നു. 15 വർഷം പഴക്കമുള്ള കേസിൽ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് അയോഗ്യനായ സമാജ്‌വാദി പാർട്ടി നേതാവാണ് അബ്ദുള്ള അസം ഖാൻ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തർപ്രദേശ് നിയമസഭ അദ്ദേഹത്തെ അയോഗ്യനാക്കിയത്.

Advertisment