ദേശീയം

വിജയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകളിൽ ഒന്നാണ് യുപിഎസ്‌സി. ഇത്രയും കഠിനാധ്വാനം ചെയ്‌ത് ഐഎഎസ് ഉദ്യോഗസ്ഥരായി തീരുന്ന അവരുടെ ശമ്പളം എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ ഉത്തരം, കൂടാതെ ഈ ആനുകൂല്യങ്ങളും

Saturday, September 25, 2021

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട് നമ്മുടെ രാജ്യത്ത്. എന്നാൽ, വിജയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകളിൽ ഒന്നാണ് യുപിഎസ്‌സി. ഇത്രയും കഠിനാധ്വാനം ചെയ്‌ത് ഐഎഎസ് ഉദ്യോഗസ്ഥരായി തീരുന്ന അവരുടെ ശമ്പളം എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലെ നിയമസംവിധാനവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമുണ്ട്.

കാബിനറ്റ് സെക്രട്ടറിയാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഏറ്റവും ഉയർന്ന സ്ഥാനം. യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ വിജയിച്ച് ഐഎഎസ് ഉദ്യോഗസ്ഥരാകുന്നവർക്ക് ആകർഷകമായ ശമ്പളമാണ് ലഭിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അടിസ്ഥാന ശമ്പളം 56,100 രൂപയാണ്.

അവരുടെ മൊത്തം ശമ്പളം പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വർഷങ്ങളുടെ സേവനത്തിനനുസരിച്ച്, ഇത് 1,50,000 വരെ ഉയരും. അതേസമയം ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ക്യാബിനറ്റ് സെക്രട്ടറി റാങ്കിൽ എത്തുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ശമ്പളം പ്രതിമാസം 2,50,000 രൂപയാകും.

ക്യാബിനറ്റ് സെക്രട്ടറിയായി നിയമിതനായ ഉദ്യോഗസ്ഥനാണ് ഏറ്റവും ഉയർന്ന ശമ്പളം. ശമ്പളത്തിന് പുറമേ, ഒരു ഐഎഎസ് ഉദ്യോഗസ്ഥന് യാത്രാ അലവൻസുൾപ്പെടെ നിരവധി അലവൻസുകളും നൽകപ്പെടുന്നു. ജൂനിയർ സ്കെയിൽ, സീനിയർ സ്കെയിൽ, സൂപ്പർ ടൈം സ്കെയിൽ എന്നിവയുൾപ്പെടെ വ്യത്യസ്ത തരം പേ ബാന്റുകൾ ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥർക്ക് മറ്റ് നിരവധി സൗകര്യങ്ങൾ അനുവദിക്കുന്നു. ആഡംബര വീടുകൾ മുതൽ വലിയ ബംഗ്ലാവുകൾ വരെ, ഐഎഎസ് ഉദ്യോഗസ്ഥർക്ക് വളരെ കുറഞ്ഞതോ വാടകയില്ലാത്തതോ ആയ വീടുകൾ ലഭിക്കും. എന്നിരുന്നാലും, ഈ വീടുകൾ അവർക്ക് ശമ്പള സ്കെയിൽ, സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണ് നൽകുന്നത്.

കൂടാതെ, അവർക്ക് വേലക്കാർ, പാചകക്കാർ, തോട്ടക്കാർ, സെക്യൂരിറ്റി ഗാർഡുകൾ മുതലായവരുടെ സേവനങ്ങളും പ്രയോജനപ്പെടുത്താം. അവരുടെ പ്രത്യേക റാങ്കിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അവർക്ക് വാഹനങ്ങൾ നൽകുന്നത്. ഗ്രാമീണ മേഖലകളിൽ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരു അംബാസഡർ ലഭിക്കുന്നു, അതേസമയം മുതിർന്ന ഉദ്യോഗസ്ഥർക്ക് ടൊയോട്ട ഫോർച്യൂണർ അല്ലെങ്കിൽ ഇന്നോവ പോലുള്ള ആഡംബര കാറുകൾ ലഭിക്കുന്നു.

മറ്റ് പൗരന്മാരെപ്പോലെ അവർക്ക് സ്വന്തമായി ലൈസൻസുള്ള തോക്കുകൾ ലഭിക്കും. എന്നിരുന്നാലും സർക്കാർ അവർക്ക് തോക്ക് അനുവദിക്കുന്നില്ല. ഇതിന് പുറമേ, അവർക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷക്കായി 3 ഹോം ഗാർഡുകളെയും 2 അംഗരക്ഷകരെയും അനുവദിച്ചിട്ടുണ്ട്.

അതുപോലെ, അവർക്ക് സൗജന്യമോ, ഉയർന്നതോ ആയ സബ്സിഡി വൈദ്യുതി, വെള്ളം, ഗ്യാസ്, ഫോൺ കണക്ഷനുകൾ എന്നിവയും ലഭിക്കുന്നു. അവരുടെ ഔദ്യോഗിക അല്ലെങ്കിൽ അനൗദ്യോഗിക യാത്രകളിൽ സർക്കാർ ഗസ്റ്റ് ഹൗസുകളിലോ ബംഗ്ലാവുകളിലോ സബ്സിഡി ഉള്ള താമസം അവർക്ക് ആസ്വദിക്കാം. 7 വർഷത്തെ സേവനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക് 2 വർഷത്തേക്ക് പഠന അവധികൾ അനുവദിക്കും.

അവർക്ക് വിദേശ സർവകലാശാലകളിലെ കോഴ്സുകൾക്ക് പോകാം. അത്തരം കോഴ്സുകളുടെ ചെലവ് സർക്കാർ ഏറ്റെടുക്കും. എന്നാൽ തിരിച്ചെത്തിയതിന് ശേഷം ഒരു നിശ്ചിത വർഷത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെന്ന നിലയിൽ സർക്കാരിനെ സേവിക്കാമെന്ന ഒരു കരാറിൽ പോകുന്നതിന് മുൻപ് അവർ ഒപ്പ് വയ്ക്കണം.

ഐഎഎസ് ഉദ്യോഗസ്ഥർക്ക് അസൂയാവഹമായ തൊഴിൽ സുരക്ഷയുണ്ട്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പുറത്താക്കുക എളുപ്പമല്ല. അതിന് വിപുലമായ അന്വേഷണം ആവശ്യമാണ്. വിരമിച്ച ശേഷം കമ്മീഷനുകളിലേക്കോ ട്രൈബ്യൂണലുകളിലേക്കോ ഈ ഉദ്യോഗസ്ഥരെ നിയമിക്കാൻ സാധിക്കും. സർക്കാരിന്റെ മറ്റ് വകുപ്പുകളിലും അവരുടെ സേവനം പ്രയോജനപ്പെടുത്താം.

വിരമിക്കുന്നവർ ആജീവനാന്ത പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ആസ്വദിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്റെ ശമ്പളവും സൗകര്യങ്ങളും പോലെ തന്നെ അവർക്കുള്ള അധികാരവും വളരെ വലുതാണ്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് സാധാരണയായി ഒരു ജില്ല/സംസ്ഥാന/വകുപ്പ്/മന്ത്രാലയത്തിന്റെ ഭരണ ചുമതലയുണ്ടാകും.

ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്, ഫലപ്രദമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ അവർ നിയോഗിക്കപ്പെടുന്നു. ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ അവർക്ക് കഴിയും. അവർക്ക് സാമൂഹിക സംരംഭങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ എന്നിവയിലെ നയങ്ങളെ സ്വാധീനിക്കാൻ കഴിയും.

ജനങ്ങളെയും രാജ്യത്തെയും സേവിക്കാനുള്ള ഈ ശക്തി സമാനതകളില്ലാത്തതാണ്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് മാത്രമാണ് രാജ്യത്തിന്റെ പുരോഗതിയിൽ നേരിട്ടും സജീവമായും പങ്കെടുക്കാൻ അവസരം നൽകുന്നത്.

×