ഫറൂഖാബാദ്: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ മൂന്നുവയസുള്ള കുട്ടി പാമ്പിനെ ചവച്ച് കൊന്നു. വീടിന് പുറത്ത് കളിക്കുകയായിരുന്ന അക്ഷയ് എന്ന കുട്ടിയാണ് തന്റെ സമീപത്തേക്കിഴഞ്ഞ് വന്ന പാമ്പിനെ പിടിച്ച് വായിലിട്ട് ചവച്ച് കൊന്നത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. പാമ്പിനെ ചവച്ചരച്ച് അധികം വൈകാതെ മൂന്ന് വയസുകാരൻ കരച്ചിലും ആരംഭിച്ചു. ഏതായാലും, മൂന്ന് വയസുകാരൻ ചവച്ചരച്ചതിനെ തുടർന്ന് പാമ്പ് ചത്തിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോൾ കുട്ടിയുടെ വായിൽ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ അവർ പാമ്പിനെ വലിച്ച് പുറത്തിട്ടു. പിന്നാലെ തന്നെ അയൽക്കാരും വീട്ടുകാരും ഒക്കെ ചേർന്ന് കുട്ടിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്നും അവൻ പൂർണ ആരോഗ്യവാനാണ് എന്നും ബന്ധുക്കളെ അറിയിച്ചു. പിന്നീട് കുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു.