ബംഗളുരു: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം. പരിശോധനയില്‍ പതിനെട്ടോ പത്തൊന്‍പതോ വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കുട്ടിയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
മൃതദേഹം ആരുടേതെന്നറിയാന്‍ പോലീസ് അന്വേഷണം വ്യാപകമാക്കി. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അമേരിക്കയില്‍ നിന്നുള്ള പുതിയ ട്രോളി ബാഗിലാണ് മൃതദേഹമുണ്ടായിരുന്നത്. ഇതിനൊപ്പം ഒരു ചുരിദാറും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ചുരിദാര്‍ തെളിവായി എടുത്താണ് അന്വേഷണം പോകുന്നത്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.
കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും ബംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.