പനാജി: റണ്‍വേയില്‍ തെരുവുനായയെ കണ്ടതിനെത്തുടര്‍ന്ന് വിസ്താര വിമാനം ഗോവയിലെ വിമാനത്താവളത്തില്‍ ഇറക്കാതെ ബംഗളുരുവിലേക്ക് തിരികെ പറന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റിനോട് ഉടന്‍ ലാന്‍ഡ് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും പൈലറ്റ് വിമാനം ബംഗളരുവിലേക്ക് തിരികെ പറത്തുകയുമായിരുന്നു. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇതേത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് കയറിയ യാത്രക്കാര്‍ എത്തിയത് അഞ്ച് മണിക്കൂറും അഞ്ച് മിനിറ്റും കഴിഞ്ഞ ശേഷമാണ്. ബംഗളുരുവില്‍ നിന്ന് ദബോലിം വിമാനത്താവളത്തിലേക്ക് സാധാരണ സമയം ഒരു മണിക്കൂര്‍ 20 മിനിറ്റാണ്.
ഇന്നലെ ഉച്ചക്ക് 12.55ന് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട വിമാനം മൂന്ന് മണിയോടെ തിരിച്ചെത്തിയതായും തുടര്‍ന്ന് വൈകിട്ട് 4.55ന് പുറപ്പെട്ട വിമാനം വൈകിട്ട് 6.15ന് ഗോവയിലെത്തിയതായും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ഗോവ വിമാനത്താവളത്തിലെ റണ്‍വേ നിയന്ത്രണത്തെ തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതെന്നായിരുന്നു എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം. ഒന്നരവര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്നും എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു.